ഓക്സിജൻ സിലിണ്ടറുകൾ പറന്നെത്തും, ബീക്കൺ ലൈറ്റുള്ള ടിപ്പർ ലോറിയിൽ

Tuesday 11 May 2021 1:33 AM IST
ഓക്സിജൻ സിലിണ്ടറുകൾ വേഗത്തിൽ എത്തിക്കാൻ ബീക്കൺ ലൈറ്റ് ഘടിപ്പിച്ച ടിപ്പർ ലോറി മാവേലിക്കര ജോ. ആർ.ടി. ഓഫീസ് വളപ്പിൽ

മാവേലിക്കര: ഓക്സിജൻ ക്ഷാമം നാടെങ്ങും ഭീതി പരത്തുമ്പോൾ ജില്ലയിലെ കുറ്റമറ്റ വിതരണത്തിന് ജാഗ്രതയോടെ കളംനിറഞ്ഞു നിൽക്കുകയാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ.

ജില്ലയിലെ ഏക ഓക്സിജൻ നിർമ്മാണ ഫാക്ടറിയായ മാവേലിക്കര കുന്നത്തുള്ള ട്രാവൻകൂർ ഓക്സിജൻ ലിമിറ്റഡിൽ ഉത്പാദിപ്പിക്കുന്ന ഓക്സിജൻ സിലണ്ടറുകളിലാക്കി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലാണ് ജില്ലയിലെ വിവിധ ആശുപത്രികളിലേക്ക് എത്തിക്കുന്നത്. ഇതിനായി പ്രത്യേക ഉത്തരവിലൂടെ ബീക്കൺ ലൈറ്റും ജി.പി.എസും ഘടിപ്പിച്ച ടിപ്പർ ലോറി സജ്ജമാക്കിയിട്ടുണ്ട്. മാവേലിക്കര ജോയിന്റ് ആർ.ടി.ഒ എം.ജി മനോജിന്റെ നിർദ്ദേശാനുസരണം വകുപ്പിന്റെ കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ ഓഫീസുകളിലേയും എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിലേയും ഉദ്യോഗസ്ഥരാണ് ഇതിനുവേണ്ടി പ്രവർത്തിക്കുന്നത്. ഓക്സിജൻ കയറ്റിയ വാഹനത്തിന് വഴിയിലെങ്ങും തടസമുണ്ടാകാതിരിക്കാൻ ഉദ്യോഗസ്ഥർ വകുപ്പ് വാഹനത്തിൽ എസ്കോർട്ട് പോകുന്നുമുണ്ട്. ആലപ്പുഴ ആർ.ടി.ഒ സജി പ്രസാദ്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ സുമേഷ് എന്നിവരാണ് ജില്ലയിലെ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നത്.

Advertisement
Advertisement