ലോക്ക് ഡൗണ്‍: നെഞ്ചില്‍ നെരിപ്പോടുമായി കര്‍ഷകര്‍

Monday 10 May 2021 12:00 AM IST

കട്ടപ്പന: കാർഷിക മേഖലയെ ബാധിച്ചിരിക്കുന്ന കണ്ടകശനി വിട്ടൊഴിയാൻ ഇനിയും എത്രനാൾ? കൊവിഡ് രണ്ടാം തരംഗത്തിൽ വീണ്ടും ലോക്ക്‌ ഡൗൺ നിലവിൽ വന്നതോടെ കാർഷിക മേഖല ഭാഗികമായി സ്തംഭിച്ചിരിക്കുകയാണ്. നാണ്യവിളകളുടെ വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകരുടെ പ്രതീക്ഷകളൊക്കെ അസ്തമിക്കുകയാണ്. ഏലയ്ക്കയുടെ വിലയിടിവാണ് വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത്. കുരുമുളക് വിലയും കുറഞ്ഞു. തേയില കർഷകരെ വെട്ടിലാക്കി പച്ചക്കൊളുന്ത് വിലയും കുത്തനെ ഇടിഞ്ഞു. ഒരു പതിറ്റാണ്ടായി കാപ്പിക്കൃഷിയിൽ നിന്ന് കർഷകർക്ക് യാതൊരു മെച്ചവുമില്ല. ഇപ്പോഴത്തെ സ്ഥിതിയിൽ കൃഷിയിടങ്ങളിൽ നിന്നുള്ള വരുമാനം നാമമാത്രമാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ആഭ്യന്തര വിപണികൾക്ക് പൂട്ടുവീണതോടെ നാണ്യവിളകളുടെ കയറ്റുമതി നിലച്ചു. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്ത സ്ഥിതിയാണിപ്പോൾ.  തകർന്നടിഞ്ഞ് ഏലയ്ക്ക വില കാർഷിക മേഖലയിൽ കൊവിഡ് ഏറ്റവുമധികം ബാധിച്ചത്' ഏലയ്ക്കയെയാണ്. രണ്ടര വർഷങ്ങൾക്ക് ശേഷം സ്‌പൈസസ് ബോർഡിന്റെ ഇ- ലേലത്തിൽ ശരാശരി വില മൂന്നക്കത്തിലേക്ക് കൂപ്പുകുത്തി. ഇപ്പോൾ 800 മുതൽ 950 രൂപയ്ക്കാണ് വിൽപ്പന നടക്കുന്നത്. ആഭ്യന്തര വിപണികൾ സ്തംഭിച്ച് കയറ്റുമതി നിലച്ചതോടെ വില കുത്തനെ കുറഞ്ഞു. ഓഫ് സീസണിലെ 'മാജിക്' പ്രതീക്ഷിച്ചിരുന്ന കർഷകർക്ക് ഇരുട്ടടിയാണ് ഉണ്ടായത്. ഉത്പാദനം വൻതോതിൽ വർദ്ധിച്ചതും കയറ്റുമതി കുറഞ്ഞതുമാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം.  കുരുമുളകിനും രക്ഷയില്ല ആഭ്യന്തര വിപണിയിലെ പ്രതിസന്ധി കുരുമുളകിന്റെയും വില കുറച്ചു. കഴിഞ്ഞ മാസം 420 രൂപയിലെത്തിയിരുന്നെങ്കിലും ഒരാഴ്ചയ്ക്കിടെ 370- 380 രൂപയായി വില കുറഞ്ഞു. ന്യൂഡൽഹി, മുംബയ് വിപണികളിലേക്കുള്ള കയറ്റുമതി കുറഞ്ഞതാണ് ഇപ്പോഴത്തെ വിലയിടിവിന് കാരണം. കഴിഞ്ഞ ലോക്ക്‌ ഡൗൺ കാലത്ത് 270 രൂപയായിരുന്നു വില. എന്നാൽ ഗുണനിലവാരമുള്ള ഹൈറേഞ്ച് കുരുമുളകിന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഡിമാൻഡ് വർദ്ധിച്ചതോടെ കയറ്റുമതി വൻതോതിൽ കൂടി. തുടർന്നാണ് വിലയിലും മുന്നേറ്റമുണ്ടായത്. കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് വീണ്ടും വിപണികളിൽ പ്രതിസന്ധി ഉടലെടുത്തതോടെ വില കുറയുകയായിരുന്നു.  കാപ്പിക്കൃഷി 'ഔട്ട്' ഒരു പതിറ്റാണ്ടായി കർഷകർക്ക് യാതൊരു മെച്ചവും ലഭിക്കാത്തത് കാപ്പിക്കൃഷിയിൽ നിന്നാണ്. റോബസ്റ്റ കാപ്പിപ്പരിപ്പിന് 112 രൂപയും തൊണ്ടോടുകൂടി 62 രൂപയും അറബി കാപ്പിപ്പരിപ്പിന് 122 രൂപയും തൊണ്ടോകൂടി 78 രൂപയുമാണ് കിലോഗ്രാമിന് വില. ഉത്പാദനച്ചെലവ് പോലും തിരിച്ചുകിട്ടാത്തതിനാൽ ഭൂരിഭാഗം കർഷകരും കാപ്പിച്ചെടികൾ വെട്ടിക്കളഞ്ഞ് ഏലംകൃഷിയിലേക്ക് മാറി. കാപ്പിക്കുരു വിളവെടുത്ത് ഉണക്കി വിറ്റാൽ തൊഴിലാളികൾക്ക് നൽകാനുള്ള കൂലി പോലും ലഭിക്കില്ല. ഏഴ് വർഷത്തിലധികമായി കാപ്പിക്കുരു വിലയിൽ വലിയ മാറ്റമില്ല.

Advertisement
Advertisement