തലനാരിഴയ്ക്ക് വഴുതി മാറിയ ദുരന്തം,​ ചൈനീസ് റോക്കറ്റ് വീണത് കേരളത്തിൽ നിന്ന് 900 മൈൽ മാത്രം അകലെ,​ ചൈനയ്ക്ക് വിമർശനം

Sunday 09 May 2021 11:27 PM IST

ന്യൂഡൽഹി: നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസുമദ്രത്തിലാണ് വീണതായാണ് റിപ്പോർട്ടുകൾ പുറത്തുവന്നത്.. റിപ്പോർട്ടുകൾ ശരിവച്ചാൽ ഇന്ത്യൻ സമയം ഇന്നുരാവിലെ എട്ടുമണിയോടെയാണ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ പതിച്ചത്. മാലി ദ്വീപിന്റെ ഭാഗത്ത് വീണതായാണ് ചൈനീസ് സ്പേസ് ഏജൻസി അറിയിച്ചത്. ഇതനുസരിച്ച് കേരളത്തിൽ നിന്നും 900 മൈൽ അകലെയായാണ് റോക്കറ്റ് പതിച്ചിരിക്കുന്നത്. റോക്കറ്റിന്റെ വേഗതയിലോ സഞ്ചാരപഥത്തിലോ എന്തെങ്കിലും മാറ്റമുണ്ടായിരുന്നെങ്കിൽ കേരളത്തിലോ ഇന്ത്യയിലെ മറ്റു ജനവാസ പ്രദേശങ്ങളിലോ റോക്കറ്റ് പതിക്കാൻ സാദ്ധ്യതയുണ്ടായിരുന്നു.

റോക്കറ്റ് വീണ സ്ഥലത്തേക്ക് കൊച്ചിയിൽ നിന്നു വായുമാർഗം 1448 കിലോമീറ്റർ ദൂരമേയുള്ളു. യു..എസ് സ്‌പേസ് ഏജൻസിയും യൂറോപ്യൻ സ്‌പേസ് ഏജൻസിയും റഷ്യൻ സ്‌പേസ് ഏജൻസിയും റോക്കറ്റ് പതിക്കുന്ന കാര്യത്തിൽ വ്യത്യസ്തമായ സ്ഥലങ്ങളാണ് പ്രവചിച്ചിരുന്നത്. എന്നാൽ, ഇന്ത്യൻ മഹാസമുദ്രത്തിലാണ് വീഴുന്നതെന്നും അത് ഇന്ത്യയ്ക്ക് അരികിലാകുമെന്നും ആരും പറഞ്ഞിരുന്നില്ല. ശനിയാഴ്ച രാത്രി 11.30 നോടടുത്ത് പതിച്ചിരുന്നുവെങ്കിൽ അത് ന്യൂയോർക്ക് പ്രാന്തപ്രദേശത്തിലാകുമായിരുന്നുവെന്നാണ് യു.എസ് വ്യോമയാന വക്താവ് അറിയിച്ചിരുന്നത്. എന്നാൽ റോക്കറ്റിന്റെ വേഗത പ്രവചിക്കാൻ കഴിഞ്ഞിരുന്നില്ല. ബഹിരാകാശത്ത് അത് സെക്കൻഡിൽ നാലു മൈൽ വേഗതയിലാണ് പറന്നിരുന്നത്. ഇതിന്റെ ചിത്രങ്ങൾ യൂറോപ്യൻ സ്‌പേസ് ഏജൻസി പുറത്തു വിട്ടിരുന്നു.

ചൈനീസ് റോക്കറ്റ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഇന്ത്യയ്ക്ക് അരികിലായി പതിക്കുമെന്ന കാര്യം ഇന്നു പുലർച്ചെ വരെ അവ്യക്തമായിരുന്നു. ഇന്തോനേഷ്യയ്ക്ക് സമീപം വീഴുമെന്നാണ് റഷ്യൻ സ്‌പേസ് ഏജൻസി ഇന്നലെ രാത്രിയോടെ പ്രവചിച്ചിരുന്നത്. എന്നാൽ, റോക്കറ്റിന്റെ കാര്യത്തിൽ ഭയപ്പെടേണ്ടതില്ലെന്നും ഭൂരിഭാഗവും അന്തരീക്ഷത്തിൽ വച്ചു തന്നെ കത്തിപ്പോകുമെന്നും അവശേഷിക്കുന്നത് സമുദ്രത്തിൽ പതിക്കുമെന്നുമായിരുന്നു ചൈനീസ് വാദം.

ലോകത്തെ മുൾമുനയിൽ നിർത്തിയ ഈ സംഭവത്തിനെതിരേ ചൈനയ്ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നുകഴിഞ്ഞു.. ഇപ്പോൾ കടലിൽ പതിച്ച ലോംഗ് മാർച്ച് 5 ബി റോക്കറ്റിന് 21 ടണ്ണോളം വിക്ഷേപണസമയത്ത് ഭാരമുണ്ടായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട് ഭൂമിയിലേക്ക് പതിക്കുമ്പോൾ 18 ടണ്ണായിരുന്നു ഭാരം. റോക്കറ്റിന്റെ വരവ് ലോകത്തെമ്പാടുമുള്ള വിവിധ സ്‌പേസ് ഏജൻസികൾ ട്രാക്ക് ചെയ്യുന്നുണ്ടായിരുന്നു. പ്രതീക്ഷിച്ചതിലും എട്ടു മണിക്കൂർ കഴിഞ്ഞാണ് ഇത് ഭൂമിയിൽ പതിച്ചത്. എന്നാൽ സമയം നീണ്ടു പോയിരുന്നുവെങ്കിൽ ഇത് ഓസ്‌ട്രേലിയയുടെയോ ന്യൂസിലൻഡിന്റെയോ ജനവാസമേഖലയിൽ വീഴുമായിരുന്നുവെന്ന നിഗമനവും പുറത്തു വന്നിട്ടുണ്ട്.

108 അടി ഉയരവും 40,000 പൗണ്ട് ഭാരവുമുള്ള ഈ റോക്കറ്റ് ഏപ്രിൽ 29 ന് ഒരു പുതിയ ചൈനീസ് ബഹിരാകാശ നിലയത്തെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു.

Advertisement
Advertisement