ഫെരാരിയുടെ പുതിയ ലിമിറ്റഡ് എഡിഷൻ താരങ്ങൾ എത്തി

Monday 10 May 2021 2:05 AM IST

കൊച്ചി: അത്യാഡബംര സൂപ്പർകാർ ബ്രാൻഡുകളിലെ ഇറ്റാലിയൻ സൗന്ദര്യമായ ഫെരാരിയുടെ പുതിയ രണ്ട് ലിമിറ്റഡ് എഡിഷൻ മോഡലുകൾ വിപണിയിലേക്ക്. വിഖ്യാത മോഡലായ 812 സൂപ്പർഫാസ്‌റ്റിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ഒരുക്കിയ 812 കോമ്പറ്റൈസിയോനെ, കോമ്പറ്റൈസിയോനെ - എ എന്നീ മോഡലുകളാണ് ഫെരാരി അവതരിപ്പിച്ചത്. ടാഗ്ര-ടോപ്പ് (തുറക്കാവുന്ന മേൽക്കൂരയുള്ള സെമി-കൺവെർട്ടിബിൾ മോഡൽ) വേർഷനാണ് കോമ്പറ്റൈസിയോനെ-എ.

പേരിലെ 'എ' അർത്ഥമാക്കുന്ന 'തുറന്നത്" എന്നർ‌ത്ഥമുള്ള ഇറ്റാലിയൻ വാക്കായ 'അപെർട്ട" ആണ്. ഇരു മോഡലുകൾക്കും 6.5 ലിറ്റർ, വി12 പെട്രോൾ എൻജിനുകളാണുള്ളത്. റേസിംഗ് ഫെർഫോമൻസിന്റെ തമ്പുരാക്കന്മാരെന്ന് വിശേഷിപ്പിക്കാവുന്ന കോമ്പറ്റൈസിയോനെ പതിപ്പുകൾക്കുള്ളത് 7-സ്‌പീഡ് ഡ്യുവൽ ക്ളച്ച് ഗിയർ ബോക്‌സാണ്. 812 സൂപ്പർഫാസ്‌റ്റിൽ മുന്നിലെ വലിയ സെൻട്രൽ ഗ്രില്ലിന് ഇരുഭാഗത്തുമായിരുന്നു എയർ ഇൻടേക്കുകൾ. കോമ്പറ്റൈസിയോനെയിൽ ഒറ്റ (ഇന്റഗ്രേറ്റഡ്) എയ‌ർ ഇൻടേക്കാണുള്ളത്.റേഡിയേറ്ററിൽ നിന്നുള്ള ചൂടൻ കാറ്റ് അതിവേഗം പുറന്തള്ളാനും കൂളിംഗ് ഉഷാറാക്കാനും ഇതു സഹായിക്കും.

9,500 ആർ.പി.എമ്മിൽ 820 എച്ച്.പി കരുത്തുള്ളതാണ് എൻജിൻ. ടോർക്ക് 7,000 ആർ.പി.എമ്മിൽ 692 ന്യൂട്ടൺ മീറ്റർ. മണിക്കൂറിൽ 338 കിലോമീറ്റർ വരെ വേഗത്തിൽ ചീറിക്കുതിക്കാൻ കോമ്പറ്റൈസിയോനെ പതിപ്പുകൾക്ക് കഴിയും. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ 2.8 സെക്കൻഡ് ധാരാളം. 7.5 സെക്കൻഡ് കൊണ്ട് 200 കിലോമീറ്റർ വേഗവും കൈവരിക്കും.

സമീപഭാവിയിൽ പുറത്തിറക്കുമെന്ന് ഫെരാരി പ്രഖ്യാപിച്ച മൂന്നു പുത്തൻ മോഡലുകളിൽ രണ്ടെണ്ണാണ് 812 കോമ്പറ്റൈസിയോനെ, കോമ്പറ്റൈസിയോനെ - എ എന്നിവ. 812 സൂപ്പർഫാസ്‌റ്റിനെ അപേക്ഷിച്ച്, കൂടുതൽ ഫെ‌ർഫോമൻസ് മികവിനായി ഇരു മോഡലുകൾക്കും ഫെരാരി ഭാരം നന്നേ കുറച്ചിട്ടുണ്ട്. മുൻ മോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി എൻജിനിൽ കാതലമായ മാറ്റം പുത്തൻ മോഡലുകളിൽ കാണാം. പുറമംമോടിയിലും റേസിംഗ് കാറുകളെ അനുസ്‌മരിപ്പിക്കുംവിധം പുതുമകൾ കൊണ്ടുവന്നിരിക്കുന്നു. ബോണറ്റിലുൾപ്പെടെ ഇതു പ്രതിഫലിക്കുന്നുണ്ട്.

രണ്ടുപേർക്ക് യാത്ര ചെയ്യാവുന്ന കാബിൻ (അകത്തളം) 812 സൂപ്പർഫാസ്‌റ്റിന്റേതിന് സമാനമാണ്. എന്നാൽ, ഫെരാരിയുടെ ഭൂതകാലവും വർത്തമാനവും ഒന്നിക്കുന്ന ഒട്ടറെ ഫീച്ചറുകളും കാണാം. റേസിംഗ് കാർ എന്ന 'ഫീൽ" നൽകാനായി സ്‌റ്റിയറിംഗ് അല്പം താഴ്‌ത്തിവച്ചിരിക്കുന്നു. വലിയ നാല് എയർവെന്റുകളും കോക്ക്‌പിറ്റിന്റെ ആകർഷണങ്ങളാണ്. ഡോർപാനലുകൾ ഭാരം കുറയ്ക്കാനായി റീഡിസൈൻ ചെയ്‌തിട്ടുണ്ട്. വലിയ വിൻഡ്സ്‌ക്രീനുകൾ സൈഡ് വിൻഡോകളിലേക്ക് ഒഴുകിവീഴുമ്പോലെയാണ് തോന്നുക.

ഇരു മോഡലുകളുടെയും വില ഫെരാരി വ്യക്തമാക്കിയിട്ടില്ല. എങ്കിലും 5.78 ലക്ഷം യൂറോ ആയിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഇന്ത്യയിലെത്തുമ്പോൾ കുറഞ്ഞത് 10 കോടി രൂപ പ്രതീക്ഷിക്കാം. ലംബോർഗിനിയുടെ അവന്റഡോർ ആയിരിക്കും വിപണിയിലെ പ്രധാന എതിരാളി.

Advertisement
Advertisement