യോഗിയ്ക്ക് കത്തയച്ച് കേന്ദ്രമന്ത്രി

Tuesday 11 May 2021 5:38 AM IST

ന്യൂഡൽഹി:യു.പിയിൽ കൊവിഡ് വർദ്ധിക്കുന്നതിനിടയിൽ, പ്രതിരോധ പ്രവർത്തനങ്ങളിലെ വീഴ്ചകൾ ചൂണ്ടിക്കാട്ടി കേന്ദ്രമന്ത്രി സന്തോഷ് ഗംഗ്വാർ യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതി. ബറേലിയിലെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ ഫോൺ എടുക്കുന്നില്ലെന്ന് കത്തിൽ അദ്ദേഹം പരാതിപ്പെട്ടു. സംസ്ഥാനത്തെ ആരോഗ്യ സേവനങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹം മുഖ്യമന്ത്രിക്ക് ചില നിർദ്ദേശങ്ങൾ നല്‍കിയെന്നും റിപ്പോർട്ടുണ്ട്.

" ആളുകൾ മുൻകരുതൽ നടപടിയെന്നോണം വീടുകളിൽ ഓക്‌സിജൻ സിലിണ്ടറുകൾ സൂക്ഷിച്ചിരിക്കുന്നതിനാൽ ബറേലിയിൽ ഓക്‌സിജൻ ക്ഷാമമുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. അത്തരം ആളുകളെ തിരിച്ചറിയണം. ഇവർ ഉയർന്ന വിലക്ക് സിലണ്ടറുകൾ വിൽക്കുകയാണ് " - അദ്ദേഹം കത്തിൽ പറഞ്ഞു.

ആശുപത്രികളിൽ ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ കരിഞ്ചന്തയിൽ ഉയർന്ന വിലയ്ക്ക് വിൽക്കുന്നുണ്ടെന്നും കത്തിൽ കേന്ദ്രമന്ത്രി പരാമർശിച്ചു. മെഡിക്കൽ ഉപകരണങ്ങളുടെ വില നിയന്ത്രിക്കണമെന്നും എംഎസ്.എം. ഇ പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സ്വകാര്യ ആശുപത്രികൾക്ക് കിഴിവ് നൽകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.