തലസ്ഥാനത്ത് വീണ്ടും കഞ്ചാവ് വേട്ട; 250 കിലോ കഞ്ചാവ് പിടികൂടി

Monday 10 May 2021 2:34 AM IST

രണ്ട് ദിവസത്തിനിടെ പിടികൂടിയത് 655 കിലോ കഞ്ചാവ്

കഞ്ചാവെത്തിയത് ആന്ധ്രയിലെ രാജമുന്ദ്രിയിൽ നിന്ന്

തിരുവനന്തപുരം: സംസ്ഥാന എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുഴിവിള - ആക്കുളം സതേൺ കമാൻഡ് റോഡിൽ നാഷണൽ പെർമിറ്റ് ലോറിയിൽ കടത്താൻ ശ്രമിച്ച 250 കിലോ കഞ്ചാവ് പിടികൂടി. ലോറിയിലുണ്ടായിരുന്ന മലപ്പുറം അരീക്കോട് സ്വദേശി അജ്നാസ് (27), ഇടുക്കി സ്വദേശി ബനാഷ് (27) എന്നിവരെ അറസ്റ്റ് ചെയ്തു. പിടിച്ചെടുത്ത കഞ്ചാവിന് ഒന്നരക്കോടി രൂപ വിലവരുമെന്നാണ് നിഗമനം.

വെള്ളിയാഴ്ച തച്ചോട്ടുകാവിൽ നിന്ന് 405 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതികളുടെ മൊഴിയിൽ നിന്നാണ് ലോറിയിൽ കഞ്ചാവ് കടത്തുന്നതിനെപ്പറ്റി വിവരം ലഭിച്ചതെന്ന് എക്‌സൈസ് എൻഫോഴ്സ്‌മെന്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ടി. അനികുമാർ അറിയിച്ചു. ഇവർ ഒരേ സംഘത്തിലുള്ളവരാണ്. കൂടാതെ ഇവർ സ്ഥിരം കഞ്ചാവ് കടത്തുന്നവരാണ്. ഒരു ലക്ഷം രൂപ വീതമാണ് ലക്ഷ്യസ്ഥാനത്തെത്തുമ്പോൾ ഇവർക്ക് പ്രതിഫലമായി ലഭിക്കുക.

പേപ്പർ കപ്പ്, ഗ്ലാസ് എന്നിവ കൊണ്ടുവരുന്ന ലോറിയിൽ പ്രത്യേക അറകളിലാക്കിയാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിലെ രാജമുന്ദ്രിയിൽ നിന്നാണ് കഞ്ചാവ് കൊണ്ടുവന്നത്. വെള്ളിയാഴ്ച പിടികൂടിയ കഞ്ചാവും ഇവിടെനിന്നായിരുന്നു ജില്ലയിൽ എത്തിച്ചത്. ഇരുകേസുകളുടെയും പിറകിൽ ബംഗുളൂരു, ആന്ധ്ര എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കവടിയാർ, ശ്രീകാര്യം സ്വദേശികളാണെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും, സെൻട്രൽ ജയിലിൽ കഴിയുന്ന ചിലർ സംഘത്തിലെ കണ്ണികളാണെന്നും പൊലീസ് പറഞ്ഞു.

സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാർ, ഇൻസ്‌പെക്ടർമാരായ കെ.വി. വിനോദ്, ടി.ആർ. മുകേഷ്‌കുമാർ, ആർ.ജി. രാജേഷ്, എസ്. മധുസൂദനൻ നായർ, പ്രിവന്റീവ് ഓഫീസർമാരായ ടി. ഹരികുമാർ, എ. ഷാജഹാൻ, രാജ്കുമാർ, രാജേഷ് കുമാർ, മുസ്തഫ ചോലയിൽ, സിവിൽ എക്‌സൈസ് ഓഫീസർമാരായ മുഹമ്മദാലി, വിശാഖ്, സുബിൻ, ഷംനാദ്, രാജേഷ്, ജിതേഷ്, ശ്രീലാൽ, ബിജു, അനീഷ്, രാജീവ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

Advertisement
Advertisement