രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്; ഇരുപത്തിനാല് മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് 3,66,161 പേർക്ക്

Monday 10 May 2021 11:47 AM IST

ന്യൂഡൽഹി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകളിൽ നേരിയ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,66,161 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,26,62,575 ആയി ഉയർന്നു.

നിലവിൽ 37,45,237 പേരാണ് ചികിത്സയിലുള്ളത്.

ഇന്നലെ മാത്രം 3,754 പേർ മരിച്ചുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ആകെ മരണസംഖ്യ 2,46,116 ആയി ഉയർന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ 3,53,818 പേർ രോഗമുക്തി നേടി. ആകെ രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി എൺപത്തിയാറ് ലക്ഷം കടന്നു.

രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. പതിനേഴ് കോടിയിലേറെപ്പേർ വാക്‌സിൻ സ്വീകരിച്ചു.18-44 പ്രായപരിധിയിലുള്ള 2,43,958 പേർ ഞായറാഴ്ച ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഡൽഹിയിൽ മെട്രോ സർവീസുകൾ നിർത്തലാക്കി. വിവാഹങ്ങളിൽ 20 ൽ കൂടുതൽ പേരെ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.

ഉത്തർപ്രദേശ് സർക്കാർ ലോക്ക്ഡൗൺ മെയ് 17 വരെനീട്ടി. മെയ് 10 മുതൽ തമിഴ്‌നാട് 14 ദിവസത്തെ സമ്പൂർണ്ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. കർണാടകയിലും രാജസ്ഥാനിലും ഇന്ന് മുതൽ 24 വരെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ട്.