നവൽനിയെ ചികിത്സിച്ച ഡോക്ടറെ കാണാതായി

Tuesday 11 May 2021 12:38 AM IST

മോസ്കോ:റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ മുഖ്യ എതിരാളിയും പ്രതിപക്ഷ നേതാവുമായ അലക്‌സി നവൽനിയെ ചികിത്സിച്ച സൈബീരിയൻ ഡോക്ടറായ ഡോ. അലക്‌സാണ്ടർ മുരഖോവ്‌സ്‌കിയെ കാണാനില്ലെന്ന വെളിപ്പെടുത്തലുമായി റഷ്യൻ പൊലീസ്.

ഓംസ്‌ക് വന മേഖലയിലെ നായാട്ടു കേന്ദ്രത്തിൽ നിന്ന് സ്വന്തം വാഹനത്തിൽ ശനിയാഴ്ച പുറപ്പെട്ട അലക്സാണ്ടറെ കാണാതായെന്നാണ് പൊലീസ് പറയുന്നത്. അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ് പൊലീസിൽ വിവരം അറിയിച്ചത്. ഹെലികോപ്ടറും ഡ്രോണുകളും ഉപയോഗിച്ചാണ് പൊലീസ് തെരച്ചില്‍ നടത്തുന്നത്. നായാട്ടു കേന്ദ്രത്തിൽ നിന്ന് 6.5 കിലോമീറ്റർ അകലെ ആളില്ലാത്ത ഒരു വാഹനം വനമേഖലയിൽ കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു.

സൈബീരിയയിൽ നിന്നു മോസ്‌കോയിലേക്കു പോകുന്നതിനിടെ വിഷബാധയേറ്റ് വിമാനത്തിൽ അബോധാവസ്ഥയിലായ നവൽനിയെ അലക്‌സാണ്ടർ ചീഫ് ഡോക്ടറായിരുന്ന ഓംസ്‌ക് എമർജൻസി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

നവൽനിക്ക് 'മെറ്റബോളിക് ഡിസോഡർ' മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് കുത്തനെ കുറഞ്ഞതാണെന്ന് മാദ്ധ്യമങ്ങളോടു പറഞ്ഞത് അലക്‌സാണ്ടറാണ്.

അതേസമയം, 2020 നവംബറിൽ അലക്‌സാണ്ടറെ ഓംസ്‌കിലെ പ്രാദേശിക ആരോഗ്യമന്ത്രിയായി പുടിൻ സർക്കാർ നിയിച്ചതിനെ നവൽനി വിമർശിച്ചിരുന്നു.

@സംഭവത്തിൽ ദുരൂഹതയോ?

സൈബീരിയൻ ആശുപത്രിയിൽ നവൽനിയെ ചികിത്സിച്ച ഡെപ്യൂട്ടി ചീഫ് ഫിസിഷ്യൻ ഡോ. സെർജി മാക്‌സിമിഷിൻ ഫെബ്രുവരിയിൽ മരിച്ചിരുന്നു. ആശുപത്രിയിലെ ഏറ്റവും മികച്ച ഡോക്ടർമാരിൽ ഒരാളായിരുന്നു അദ്ദേഹം. മാർച്ചിൽ ഇതേ ആശുപത്രിയിലെ മുതിർന്ന ഡോക്ടറായ റുസ്തം അഗിഷേവും മരിച്ചു. രണ്ടു മാസത്തിന് ശേഷമാണ് ഇപ്പോൾ അലക്‌സാണ്ടറെ കാണാതായിരിക്കുന്നത്.

Advertisement
Advertisement