ട്രംപിന്റെ ഫേസ്ബുക്ക് വിലക്ക് ശരിവച്ച് പാനൽ

Tuesday 11 May 2021 12:00 AM IST

വാഷിംഗ്ടൺ: കാപ്പിറ്റോൾ കലാപത്തിന് ജനങ്ങളെ പ്രേരിപ്പിച്ചതിന് മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ അക്കൗണ്ട് ഫേസ്ബുക്കിൽ നിന്ന് നീക്കിയ നടപടി ശരിവച്ച് കമ്പനിയുടെ ഓവർസൈറ്റ് പാനൽ.

ജനുവരി ആറിന് നടന്ന കലാപം കത്തിപ്പടരാനും ഇപ്പോൾ സമൂഹമാദ്ധ്യമം ഉപയോഗിക്കാൻ കഴിയാത്തതിനും ട്രംപ് തന്നെയാണ് ഉത്തരവാദി എന്ന് സമിതി നിരീക്ഷിച്ചു. എന്നാൽ, വ്യക്തിസ്വാതന്ത്ര്യം ,അഭിപ്രായപ്രകടനം എന്നീ വിഷയങ്ങളിൽ ഫേസ്ബുക്കിന് ഇനിയും വ്യക്തത കൈവരിക്കാനുണ്ടെന്നും പാനൽ നിരീക്ഷിച്ചു.

ട്രംപിന്റെ പരാമർശങ്ങൾ വിലക്കേർപ്പെടുത്താൻ പോന്നത്ര നിലവാരം കുറഞ്ഞതായിരുന്നു എന്നും പാനൽ വിലയിരുത്തി. പരാമർശങ്ങൾ കലാപകാരികളെ അബദ്ധങ്ങൾക്ക് പ്രേരിപ്പിച്ചു. ഇടയ്ക്ക് സമാധാനത്തിന് ആഹ്വാനം ചെയ്‌തെങ്കിലും കൂടുതൽ തവണയും ട്രംപ് അക്രമത്തിന് പിന്തുണ നൽകി - പാനൽ കോ ചെയർ മൈക്കൽ മക്കോണൽ പറഞ്ഞു.

ട്രംപിന് ആജീവാനന്ത വിലക്ക് ഏർപ്പെടുത്തുന്നതിന് ഫേസ്ബുക്കിന് അധികാരമുണ്ടോ എന്ന് പഠിച്ചുവരികയാണ് പാനൽ.