മാസ്‌കിന്റെ വില കേട്ടാൽ ശ്വാസം മുട്ടും, ഒാക്‌സിമീറ്ററോ നെഞ്ചിടിപ്പ് കൂട്ടും!

Tuesday 11 May 2021 12:00 AM IST

കോട്ടയം: മാസ്‌ക് മുതൽ പൾസ് ഓക്‌സി മീറ്റർ വരെയുള്ള ഉപകരണങ്ങളുടെ വില തോന്നും പടി . വില നിയന്ത്രിക്കാനുള്ള ഇടപെടലുകൾ കൃത്യമായുണ്ടാകാത്തതിനാൽ കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെയെല്ലാം വില ക്രമാതീതമായി വർദ്ധിച്ചു.

മെഡിക്കൽ സ്റ്റോറുകളും മൊത്തക്കച്ചവടക്കാരുമാണ് വില വർദ്ധിപ്പിക്കുന്നത്. കൊവിഡിന് മുൻപ് അഞ്ചു രൂപയ്‌ക്കു ലഭിച്ചിരുന്ന മാസ്‌കിന് ഇപ്പോൾ നൂറ് രൂപ വരെയാണ് വില. എൻ 95 മാസ്‌ക് തന്നെ വേണമെന്നു നിർബന്ധം പറയുന്നത് ഇവർക്ക് കൊയ്‌ത്തു കാലമാണ്. എന്‍ 95 മാസ്‌ക് സര്‍ക്കാര്‍ മെഡിക്കല്‍ സ്‌റ്റോറുകള്‍ക്ക് കമ്പനി നല്‍കുന്നത് 14.80 രൂപയ്ക്കാണ് . ഇതേ കമ്പനികള്‍ മെഡിക്കല്‍ സ്‌റ്റോറുകളിലും മറ്റു വ്യാപാര സ്ഥാപനങ്ങളിലും മാസ്‌ക് നല്‍കുമ്പോള്‍ 40 രൂപ ഈടാക്കും. അവര്‍ വില്‍ക്കുന്നതാകട്ടെ 100 രൂപ നിരക്കില്‍. എന്‍ 95 മാസ്‌ക് കഴുകി 5 തവണ വരെ ഉപയോഗിക്കാം. എന്നാല്‍ എന്‍ 95 എന്ന പേരില്‍ വ്യാജനും പെരുകിയിട്ടുണ്ട്. യഥാര്‍ത്ഥ മാസ്‌കില്‍ കമ്പനിയുടെ പേര്, ബാച്ച് നമ്പര്‍, കാലാവധി എന്നിവ രേഖപ്പെടുത്തിയിരിക്കും. ഒരു തവണത്തെ ഉപയോഗത്തിനുളള സർജിക്കൽ മാസ്കിന് നേരത്തെ രണ്ടു രൂപയായിരുന്നു.
ഇപ്പോൾ ഏഴു രൂപ വരെയാണ് ഈടാക്കുന്നത്.

പൾസ് ഓക്‌സി മീറ്ററിനാണ് രണ്ടാം തരംഗത്തിൽ ഏറ്റവും കൂടുതൽ വില വർദ്ധിച്ചിരിക്കുന്നത്. നേരത്തെ 1300 രൂപയ്ക്ക് ലഭിച്ചിരുന്ന പള്‍സ് ഓക്‌സിമീറ്റര്‍ ഇപ്പോള്‍ ഇരട്ടി വിലയ്ക്കാണ് വിറ്റഴിക്കുന്നത്. 250 മുതല്‍ 270 രൂപ വരെയാണ് പി.പി.ഇ കിറ്റിന് കൊവിഡിന്റെ ആദ്യവരവില്‍ ഈടാക്കിയിരുന്നതെങ്കില്‍ ഇപ്പോള്‍ അഞ്ഞൂറുവരെയാണ് വാങ്ങുന്നത്. ആരോഗ്യ പ്രവര്‍ത്തകര്‍ ഒരു കിറ്റ് പരമാവധി 4 മണിക്കൂറേ ഉപയോഗിക്കാറുള്ളൂ. കിറ്റിന് 1000 രൂപ ഈടാക്കാന്‍ സര്‍ക്കാരും അനുമതി നല്‍കിയിട്ടുണ്ട്.

 5 രൂപയ്‌ക്ക് ലഭിച്ചിരുന്ന മാസ്‌കിന് 100 രൂപ

 1300 രൂപയുടെ പൾസ് ഓക്‌സി മീറ്ററിന് 2600

 250 വിലയുണ്ടായിരുന്ന പി. പി. ഇ കിറ്റിന് 500

Advertisement
Advertisement