പാലാ ജനറൽ ആശുപത്രിക്ക് ഓക്‌സിജൻ പ്ലാന്റ്

Tuesday 11 May 2021 12:00 AM IST

പാലാ: ജില്ലയിൽ മെഡിക്കൽ കോളേജ് കഴിഞ്ഞാൽ ഏറ്റവും വലിയ കൊവിഡ് ചികിത്സാകേന്ദ്രമായ പാലാ ജനറൽ ആശുപത്രിയിൽ ഉയർന്ന ഉത്പാദന ശേഷിയുള്ള ഓക്‌സിജൻ ജനറേറ്റിംഗ് പ്ലാന്റിന് കേന്ദ്ര അനുമതി ലഭിച്ചു. കേരളത്തിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ്, ആലപ്പുഴ മെഡിക്കൽ കോളേജ് എന്നിവയാണ് പ്ളാന്റിന് അനുമതി ലഭിച്ച മറ്റ് ആശുപത്രികൾ.
നിലവിൽ സിലിണ്ടറുകൾ നിറച്ച് കൊണ്ടുവന്ന് കേന്ദ്രീകൃത പൈപ്പ് ലൈൻ വഴിയാണ് രോഗികൾക്ക് ഓക്‌സിജൻ നൽകുന്നത്. സിലിണ്ടർ നിറച്ച് കൊണ്ടുവരുന്നതിൽ ഉണ്ടാകുന്ന താമസം വലിയ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു. പാലാ ജനറൽ ആശുപത്രിയിൽ ഓക്‌സിജൻ സിലിണ്ടർ എറണാകുളത്തു നിന്നും പാലക്കാടുനിന്നുമായിരുന്നു കൊണ്ടുവന്നിരുന്നത്. 240 സിലിണ്ടർ വേണ്ടിടത്ത് 62 സിലിണ്ടറുകളാണ് പലപ്പൊഴും ഉണ്ടായിരുന്നത്. ഇപ്പോൾ 120 എണ്ണം ഇവിടെ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ നിന്ന് കടം വാങ്ങിയായാണ് പലപ്പോഴും രോഗികളുടെ ജീവൻ നിലനിർത്തിയിരുന്നത്. ഓക്‌സിജൻ ക്ഷാമം മൂലം പലപ്പോഴും രോഗികളെ ഇവിടെ പ്രവേശിപ്പിക്കാനാവാതെ മറ്റിടങ്ങളിലേക്ക് പറഞ്ഞു വിടേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഓക്‌സിജൻ പ്ലാന്റ് വരുന്നതോടെ ഈ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകും.

 ജയ്സന്റെ നിവേദനം ഫലം കണ്ടു


പാലാ: കഴിഞ്ഞ മാസം 25ന് മാൻ കി ബാത്ത് പ്രസംഗത്തിലാണ് പി.എം.കെയർ ഫണ്ടിൽ നിന്നുള്ള തുക ചെലവഴിച്ച് 551 ഓക്‌സിജൻ പ്ലാന്റ് അനുവദിക്കുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. അപ്പോൾ തന്നെ ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും ആശുപത്രി മാനേജിംഗ് കമ്മിറ്റി അംഗം ജയ് സൺ മാന്തോട്ടം ഇ മെയിൽ വഴി നിവേദനം സമർപ്പിച്ചു. അതോടൊപ്പം സംസ്ഥാന ആരോഗ്യ വകുപ്പിനും നിവേദനം നൽകി. പ്രധാനമന്ത്രിക്ക് നൽകിയ പരാതിയിൽ സംസ്ഥാന ആരോഗ്യ വകുപ്പ് ഉടൻ അനുകൂല ശുപാർശ നൽകുകയും ചെയ്തിരുന്നു.

ഓക്‌സിജൻ ജനറേറ്റിംഗ് പ്ലാന്റ് ലഭിച്ചത് അനുഗ്രഹമായെന്ന് പാലാ ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ഷമ്മി രാജൻ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. പി.എസ്. ശബരീനാഥ്, ഡോ. വി.ആർ. രാജേഷ് എന്നിവർ പറഞ്ഞു.

Advertisement
Advertisement