മഴവരവായി, കുട നിവരാൻ വൈകും!

Tuesday 11 May 2021 12:00 AM IST

കോട്ടയം: മഴയിങ്ങെത്തിയിട്ടും കുടചൂടാൻ അൽപ്പംകൂടി കാത്തിരിക്കണം. തുണി ഉൾപ്പെടെയുള്ള ഇറക്കുമതി സാധനങ്ങൾ സ്റ്റോക്കുണ്ടെങ്കിലും ഇന്ത്യൻ നിർമ്മിത അസംസ്‌കൃത വസ്തുക്കളുടെ ക്ഷാമമാണ് കുട നിർമ്മാതാക്കളെ പ്രതിസന്ധിയിലാക്കുന്നത്. ലോക്ക്ഡൗൺ പിൻവലിച്ച് എല്ലാം നേരെയായാലേ കുട വിപണി ഉണരൂ.

തായ്‌വാനിൽ നിന്നാണ് തുണി ഇറക്കുമതി ചെയ്യുന്നത്. സീസൺമുന്നിൽകണ്ട് കമ്പനികളെല്ലാം ഇറക്കുമതി സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഓരോ വർഷവും കുടകളിൽ പുത്തൻ ആശയങ്ങൾ അവതരിപ്പിക്കുകയെന്ന പതിവ് ഇക്കുറി പ്രത്യക്ഷപ്പെട്ടിട്ടില്ല. സ്കൂൾ തുറക്കാത്തതിനാൽ തുടർച്ചയായി സീസൺ നഷ്ടപ്പെടുന്നതിന്റെ സങ്കടമുണ്ട് നിർമ്മാതാക്കൾക്കും വ്യാപാരികൾക്കും.

എന്നിലും ജൂൺ, ജൂലായ് മാസങ്ങളിൽ നഷ്ടപ്പെടുന്ന കച്ചവടം കഴിഞ്ഞ വർഷത്തെപ്പോലെ ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിലെ മഴയിൽ തിരിച്ചുപിടിക്കാമെന്നാണ് വിശ്വാസം. കഴിഞ്ഞ തവണയും ആഗസ്റ്റ് മാസം കുടകൾക്ക് നല്ല ഡിമാൻഡായിരുന്നു. മാർക്കറ്റിംഗിനെക്കാളുപരി ഉത്പാദനമാണ് ഇപ്പോൾ പ്രധാന പ്രതിസന്ധി. അപ്രതീക്ഷിതമായി വന്ന ലോക്ക് ഡൗണിൽ ഫാക്ടറികൾ അടഞ്ഞുകിടക്കുകയാണ്. ഫാക്ടറികൾ പൂർണ സജ്ജമായാലെ വിപണിയിലേയ്ക്ക് കുടകളെത്തൂ.

കുടിൽ വ്യവസായം

ആലപ്പുഴയിൽ നിന്നാണ് പ്രധാന ബ്രാൻഡ് കുടകൾ ജില്ലയിലെത്തുന്നത്. കമ്പിയിൽ തുണി തുന്നുന്നതും പിടി ഉറപ്പിക്കുന്നതും ഇവിടെ കുടിൽ വ്യവസായമാണ്. അസംസ്കൃത വസ്തുക്കൾ വീടുകളിൽ എത്തിച്ചുകൊടുത്തിട്ടുണ്ട്. എന്നാൽ രണ്ടാം ഘട്ടം കൊവിഡ് വ്യാപനം പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.

 പ്രധാനം സ്കൂൾ വിപണി

സ്കൂൾ വിപണിയിലാണ് കുടകൾ കൂട്ടമായി നിവരുക. ഇക്കുറി സ്കൂൾ എന്ന് തുറക്കുമെന്ന ഉറപ്പില്ലാത്തതിനാൽ വെറൈറ്റികൾ എത്തിയില്ല. കൊവിഡ് കാലത്ത് പിടിയിൽ സാനിറ്റൈസറും കുടയുടെ കളറിന് ചേരുന്ന മാസ്‌കുകളും വരെ എത്തേണ്ടതാണെങ്കിലും വിപണി ഇപ്പോൾ ഉറങ്ങിക്കിടക്കുകയാണ്.

'' കഴിഞ്ഞ മാസം കുടകൾ എത്തിയെങ്കിലും വരവ് കുറ‌ഞ്ഞു. കൊവിഡിൽ അസംസ്കൃത വസ്തുക്കളുടെ ക്ഷാമം രൂക്ഷമാക്കിയിട്ടുണ്ട്. ലോക്ക് ഡൗൺ പിൻവലിച്ചാലും രോഗത്തിന് ശമനമുണ്ടായാലെ വിപണി സജീവമാകൂ''

-ജോ ജോസഫ്, വ്യാപാരി

Advertisement
Advertisement