അടച്ചിരുന്നിട്ടും താഴാതെ കൊവിഡ്
നെടുമങ്ങാട്: അടച്ചിരിപ്പ് ദിനങ്ങളിൽ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 27 ൽ നിന്ന് 22 ശതമാനമായി താഴ്ന്നെങ്കിലും നെടുമങ്ങാട് താലൂക്കിൽ കൊവിഡ് താണ്ഡവത്തിന് ശമനമില്ല. നെടുമങ്ങാട് ജില്ലാ ആശുപത്രി, വിതുര താലൂക്കാശുപത്രി, കന്യാകുളങ്ങര- പാലോട് കമ്മ്യുണിറ്റി ഹെൽത്ത് സെന്ററുകൾ, 13 പ്രൈമറി ഹെൽത്ത് സെന്ററുകൾ എന്നിവിടങ്ങളിലായി ആയിരത്തോളം പേരിൽ നടത്തിയ ആന്റിജൻ- ആർ.ടി.പി.സി.ആർ പരിശോധനകളിൽ 221 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ താലൂക്കിലാകെ കൊവിഡ് രോഗികളുടെ എണ്ണം 3,213 ആയി ഉയർന്നു. മരണം 50 പിന്നിട്ടു. നഗരസഭയിൽ 788 ഉം ഗ്രാമപഞ്ചായത്തുകളിൽ 2,425 ഉം രോഗികളാണുള്ളത്. പരിശോധനയ്ക്ക് എത്തുന്നവരിൽ പകുതിയോളം പേരും പോസിറ്റീവാണെന്ന ആശങ്കയാണ് ആരോഗ്യ പ്രവർത്തകർ പങ്കുവയ്ക്കുന്നത്. ആര്യനാട് പി.എച്ച്.സി 50 ൽ 31, പുല്ലമ്പാറ പി.എച്ച്.സി - 46 ൽ 23, വിതുര താലൂക്കാശുപത്രി 28 ൽ 10, മലയടി തൊളിക്കോട് പി.എച്ച്.സി - 80 ൽ 17, അരുവിക്കര പി.എച്ച്.സി - 67 ൽ 18, കന്യാകുളങ്ങര സി.എച്ച്.സി -89 ൽ 11, ഭരതന്നൂർ പി.എച്ച്.സി - 5 ൽ 4 എന്നിങ്ങനെയാണ് ഇന്നലത്തെ പരിശോധനാ ഫലം. ആനാട് പി.എച്ച്.സി - 99 ൽ 6, പനവൂർ 5 ൽ 1, വാമനപുരം ബി.പി.എച്ച്.സി - 73 ൽ 6, ആനാകുടി പി.എച്ച്.സി - 50 ൽ 4, പാലോട് സി.എച്ച്.സി - 53 ൽ 1 എന്ന നിലയിൽ കൊവിഡ് പിന്നാക്കം പോയ ആശുപത്രികളുമുണ്ട്. ഉഴമലയ്ക്കൽ പി.എച്ച്.സിയിൽ 55 പേരെ പരിശോധിച്ചതിൽ ആരും പോസിറ്റീവല്ല. ജില്ലാ ആശുപത്രിയിൽ 200 പേരിലാണ് 89 കേസുകൾ സ്ഥിരീകരിച്ചത്.
സി.എസ്.എൽ.ടി സെന്റർ തുറന്നു
പ്രധാന സി.എസ്.എൽ.ടി സെന്ററായ വട്ടപ്പാറ എസ്.യൂ.ടി ആശുപത്രിയിൽ സെക്കന്റ് സി.എസ്.എൽ.ടി.സി പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ 28 മുതൽ 35 കിടക്കകളോട് കൂടിയ സി.എസ്.എൽ.ടി.സിയാണ് പ്രാവർത്തിച്ചിരുന്നത്. കിടക്കകളുടെ എണ്ണം 140 ആയി വർദ്ധിച്ചപ്പോൾ മൂന്നാമത്തെ നിലയിലും സെക്കൻഡ് ലൈൻ സജ്ജമാക്കി. ഒരോ നാലു മണിക്കൂർ ഇടവിട്ടുള്ള ഷിഫ്റ്റിലും 2 ഡോക്ടർ വീതം വേണമെന്നും സി.എസ്.എൽ.ടി.സിയുടെ നടത്തിപ്പിനായി കുറഞ്ഞത് 12 ഡോക്ടർമാർ അടങ്ങുന്ന ടീമിനെ നിയമിക്കണമെന്നും ആശുപത്രി അധികൃതർ നിർദേശിച്ചിരുന്നു. നിയുക്ത എം.എൽ.എ ജി.ആർ. അനിലിലിനു നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഇതുസംബന്ധിച്ച് നൽകിയ നിവേദനം ജില്ലാ മെഡിക്കൽ ഓഫീസർക്ക് കൈമാറിയതിനെ തുടർന്നാണ് എസ്.യു.ടി അടക്കമുള്ള കൊവിഡ് ചികിത്സാകേന്ദ്രങ്ങളിൽ ഡോക്ടർമാരുടെ കുറവ് നികത്താനും ഓക്സിജൻ ദൗർലഭ്യം പരിഹരിക്കാനും നടപടിയായത്. സെക്കൻഡ് സി.എസ്.എൽ.ടി.സിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജയുടെ അദ്ധ്യക്ഷതയിൽ അഡ്വ. ജി. അനിൽ നിർവഹിച്ചു. വൈസ് ചെയർമാൻ എസ്. രവീന്ദ്രൻ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി. ഹരികേശൻ നായർ, എസ്. അജിതകുമാരി, കൗൺസിലർമാരായ ബി. സതീശൻ, അഖിൽ, മുൻ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ എസ്.എസ്. ബിജു തുടങ്ങിയവർ പങ്കെടുത്തു.