ട്വിറ്ററിന് പിന്നാലെ കങ്കണയ്ക്കെതിരെ നടപടിയെടുത്ത് ഇൻസ്റ്റാഗ്രാമും

Tuesday 11 May 2021 12:38 AM IST

മുംബയ്: കൊവിഡിനെ ജലദോഷപ്പനിയായി നിസാരവത്കരിച്ചുകൊണ്ടുള്ള നടി കങ്കണ റണൗട്ടിന്റെ പോസ്റ്റ് നീക്കം ചെയ്ത് ഇൻസ്റ്റാഗ്രാം. കൊവിഡ് ബാധിച്ചുവെന്ന് അറിയിച്ച് നടി പങ്കുവച്ച കുറിപ്പാണ് വിവാദമായത്. കൊവിഡ് ഒരു ചെറിയ പനിയാണെന്നും അതിന് ആവശ്യമില്ലാത്ത പ്രചാരണം നൽകി ആളുകളെ പേടിപ്പിക്കുന്നുവെന്നും നടി കുറിപ്പിൽ പറഞ്ഞിരുന്നു. ഇന്ത്യയിൽ ആയിരക്കണക്കിന് പേർ ദിവസവും കൊവിഡ് ബാധിച്ച് മരിച്ചുകൊണ്ടിരിക്കുമ്പോഴാണ് കങ്കണ രോഗത്തെ ചെറിയൊരു പനി എന്ന് നിസാരവത്കരിച്ചതിനെതിരെ വൻ വിമർശനം ഉയർന്നിരുന്നു. കങ്കണയുടെ പോസ്റ്റിന് താഴെ നിരവധി പേർ പ്രതിഷേധവുമായി എത്തി. പ്രതിഷേധം കടുത്തതോടെ ഇൻസ്റ്റഗ്രാം ഈ കുറിപ്പ് നീക്കം ചെയ്യുകയായിരുന്നു.

പോസ്റ്റ് നീക്കം ചെയ്ത നടപടിയെ കങ്കണ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിമർശിച്ചു. 'കൊവിഡിനെ തകർക്കുമെന്ന് പറഞ്ഞത് ചിലരെ വേദനിപ്പിച്ചതിനാൽ ഇൻസ്റ്റഗ്രാം എന്റെ പോസ്റ്റ് നീക്കം ചെയ്തിരിക്കുകയാണ്. ട്വിറ്ററിൽ, തീവ്രവാദികളേയും കമ്യൂണിസ്റ്റ് അനുഭാവികളേയും കുറിച്ച് കേട്ടിരുന്നു. ഇപ്പോഴിതാ കൊവിഡ് ഫാൻ ക്ലബ്ബും. രണ്ട് ദിവസമായി ഇൻസ്റ്റഗ്രാമിലുണ്ട്. പക്ഷേ ഒരാഴ്ചയിൽ കൂടുതൽ ഇവിടെ കാണുമെന്ന് തോന്നുന്നില്ല.'–കങ്കണ കുറിച്ചു.