വിനോദ സഞ്ചാരമേഖലയിൽ (ഡെക്ക്) വിനോദവുമില്ല, സഞ്ചാരവുമില്ല!

Tuesday 11 May 2021 2:39 AM IST

ആലപ്പുഴ: യാത്രകൾ റദ്ദാക്കപ്പെട്ടതോടെ രണ്ടാം ലോക്ക് ഡൗൺ വല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ് ടൂറിസം മേഖലയിൽ. എന്തു ചെയ്യണമെന്ന് ഒരെത്തും പിടിയും കിട്ടാതെ കാൻസലായ ടൂർ ഷെഡ്യൂൾ തിരിച്ചും മറിച്ചും നോക്കി നെടുവീർപ്പിടുകയാണ് ടൂർ ഓപ്പറേറ്റർമാർ.

കേരളത്തിലേക്കെത്താൻ സഞ്ചാരികൾ ബുക്ക് ചെയ്ത വിമാന ടിക്കറ്റുകളുടെ പണം തിരികെ നൽകാതെ, അടുത്ത ഒരു വർഷത്തിനുള്ളിൽ യാത്ര ചെയ്യാൻ പറ്റുന്ന തരത്തിലുള്ള കൂപ്പണുകളായി മാറ്റിയിരിക്കുകയാണ് വിമാനക്കമ്പനികൾ. കേരളത്തിൽ മൂന്നാർ, വയനാട്, ആലപ്പുഴയിലെ ഹൗസ് ബോട്ടുകൾ എന്നിവിടങ്ങളിലേയ്ക്കാണ് ഏറ്റവുമധികം ബുക്കിംഗുകൾ നടന്നിരുന്നത്. കൊവിഡ് നിരക്ക് കുറഞ്ഞുതുടങ്ങിയ മാസങ്ങളിൽ വിനോദസഞ്ചാരികളുടെ ബുക്കിംഗുകൾ പഴയ രീതിയിലേക്ക് മടങ്ങിയെത്തിയതാണ്. ക്രിസ്മസ്, ന്യൂ ഇയർ സീസണിൽ സഞ്ചാരികൾക്ക് താമസിക്കാൻ ഹോട്ടൽ മുറികൾ പോലും ലഭിക്കാത്ത സ്ഥിതിയുണ്ടായിരുന്നു. കൊവിഡ് ഭീതി ഒഴിഞ്ഞാൽപ്പോലും പലരും അടുത്തകാലത്തെങ്ങും യാത്രകൾ നടത്താൻ സാദ്ധ്യതയില്ല. ബുക്കിംഗ് കാൻസൽ ചെയ്ത് പണം തിരികെ നൽകാനോ, ഒരു വർഷത്തിനുള്ളിൽ മറ്റൊരു വ്യക്തിക്ക് ഇതേ ടിക്കറ്റിൽ യാത്രാനുമതി നൽകാനോ വിമാന കമ്പനികൾ തയ്യാറാവണമെന്നാണ് ടൂർ ഓപ്പറേറ്റർമാർ ആവശ്യപ്പെടുന്നത്.

കൊവിഡ് കാലത്തിന് മുമ്പ് വേനലവധി കണക്കാക്കി അന്താരാഷ്ട്ര ടൂർ പാക്കേജുകളാണ് പല ഓപ്പറേറ്റർമാരും ബുക്ക് ചെയ്തിരുന്നത്. ഇസ്രയേൽ പാക്കേജുകൾ ഉൾപ്പെടെ ലക്ഷങ്ങളുടെ ഇടപാടുകളാണ് ടൂറിസം മേഖലയിൽ നടന്നുകൊണ്ടിരുന്നത്. ബുക്കിംഗുകൾ ഇല്ലാതായതോടെ ഓഫീസ് കെട്ടിടങ്ങളുടെ വാടകപോലും നൽകാനാവാത്ത സ്ഥിതിയിലാണ് ഭൂരിഭാഗം ഓപ്പറേറ്റർമാരും. മേഖലയിൽ പിടിച്ചു നിൽക്കാൻ ഈടില്ലാത്ത പലിശരഹിത വായ്പയും, മാനദണ്ഡങ്ങൾക്ക് വിധേയമായി പാക്കേജുകൾക്കുള്ള അനുമതിയുമാണ് സ‌ക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്ന് ഓപ്പറേറ്റർമാർ പറയുന്നു. കൂടാതെ കറന്റ് ബില്ല്, ടാക്സ് എന്നിവയിൽ ഇളവും ആവശ്യപ്പെടുന്നു.

................

# ടൂർ പാക്കേജിൽ ഉൾപ്പെടുന്നവ

 യാത്രാ ടിക്കറ്റ്, വാഹനം, താമസിക്കാനുള്ള മുറി, ആഹാരം, ടൂറിസ്റ്റ് ഗൈഡിന്റെ സേവനം

...................

# പ്രതിസന്ധികൾ

 ലോക്ക് ‌ഡൗണിൽ ബുക്കിംഗുകൾ റദ്ദാക്കപ്പെട്ടു

 വിമാന ടിക്കറ്റുകളുടെ പണം തിരികെ കിട്ടില്ല

 സഞ്ചാരികളുടെ എണ്ണം ഗണ്യമായി കുറയുമെന്ന് ആശങ്ക

 ലോക്ക് ഡൗൺ മാറിയാലും ഓഫീസ് തുറന്നു പ്രവർത്തിക്കുന്നതിൽ പ്രതിസന്ധി

...........

ഭീതി നിലനിൽക്കുന്നതിനാൽ മുൻ വർഷങ്ങളെപ്പോലെ സഞ്ചാരികളെ ഇനി ലഭിക്കാൻ പ്രയാസമാണ്. പണം നൽകിയ ഉപഭോക്താക്കൾക്കു മുന്നിൽ നിസഹായരാവുകയാണ്. ക്രിസ്മസ്, ന്യൂ ഇയർ കാലത്തെ സഞ്ചാരികളുടെ തിരക്ക് വലിയ പ്രതീക്ഷയും ആശ്വാസവുമായിരുന്നു

അനി ഹനീഫ്, മൈ കൈരളി ടൂർ ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

Advertisement
Advertisement