എക്സിക്യൂട്ടീവിന്റെ അറിവിനെ മാനിക്കണം, കൊവിഡ് വാക്സിൻ നയത്തിൽ സുപ്രീംകോടതി ഇടപെടേണ്ടന്ന് കേന്ദ്രം

Tuesday 11 May 2021 12:44 AM IST

ന്യൂഡൽഹി: ഭരണഘടന പൗരൻമാർക്ക് നൽകുന്ന മൗലികാവകാശങ്ങൾ ഉറപ്പാക്കിയും വിദഗ്ദ്ധരുടെ സഹായത്തോടെയുമാണ് വാക്സിൻ നയത്തിന് രൂപം നൽകിയതെന്നും സുപ്രീംകോടതി ഇടപെടേണ്ട ആവശ്യമില്ലെന്നും കേന്ദ്രം.

പ്രതിസന്ധി ഘട്ടത്തിൽ എക്സിക്യൂട്ടീവിന്റെ അറിവിനെ മാനിക്കണമെന്നും വിഷയത്തിൽ ഇടപെടുന്നതിൽ നിന്ന് പിന്തിരിയണമെന്നും സുപ്രീംകോടതി സ്വമേധയാ എടുത്ത കൊവിഡ് കേസിൽ നൽകിയ സത്യവാങ്മൂലത്തിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. സത്യവാങ്മൂലം ജഡ്ജിമാർക്ക് ലഭിക്കുന്നതിന് മുമ്പെ മാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടത് കോടതിയുടെ വിമർശനത്തിന് ഇടയാക്കി.

പ്രതിസന്ധി ഘട്ടത്തിൽ വിശാല താത്പര്യം നോക്കി നയം ന‌ടപ്പാക്കാൻ കേന്ദ്രസർക്കാരിന് സ്വാതന്ത്ര്യം വേണം. അതിനാൽ വാക്സിനേഷൻ നടപടിക്രമങ്ങൾ എക്സിക്യൂട്ടീവിന്റെ നയമായി കാണണം. കോടതി എക്സിക്യൂട്ടീവിന്റെ അറിവിനെ മാനിക്കണം. പ്രതിസന്ധിഘട്ടത്തിൽ പൗരൻമാരുടെ ആരോഗ്യവും നന്മയും മാത്രം ലക്ഷ്യമിട്ട് മേഖലയിലെ വിദഗ്ദ്ധരുടെ ഉപദേശത്തോടെ ശാസ്ത്രീയമായാണ് വാക്സിനേഷൻ നടപ്പാക്കുന്നത്. ഭരണഘടനാ മൂല്യങ്ങൾ അടക്കം എല്ലാ പ്രധാന ഘടകങ്ങളും പരിഗണിച്ചാണിത്. ദിനം പ്രതി നടക്കുന്ന അടിയന്തര കാര്യങ്ങളിൽ കോടതി മേൽനോട്ടം പ്രായോഗികമല്ല. അതിനാൽ കോടതി ഇടപെടൽ ആവശ്യമില്ല.

സംസ്ഥാന സർക്കാരുകളും സൗജന്യം പ്രഖ്യാപിച്ചതിനാൽ വാക്സിൻ അർഹരായവർക്ക് ബുദ്ധിമുട്ടില്ലാതെ ലഭിക്കും. 18-44 പ്രായക്കാർക്കും സൗജന്യ വാക്സിൻ ലഭിക്കും. സ്വകാര്യ ആശുപത്രികളിൽ വാക്സിൻ ലഭ്യമാകുന്നത് സർക്കാരിന്റെ സമ്മർദ്ധം കുറയ്ക്കും. വില കൊടുത്ത് വാക്സിൻ വാങ്ങാൻ കഴിവുള്ളവരാകും അവിടെ പോകുന്നത്.

വാക്സിൻ നിർമ്മാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിനും ഭാരത് ബയോടെക്കിനും വാക്സിന്റെ വില മുൻകൂറായി നൽകിയതാണെന്നും സാമ്പത്തിക സഹായമല്ലെന്നും കേന്ദ്രം വ്യക്തമാക്കി. അതേസമയം, വാക്സിന്റെ ക്ളിനിക്കൽ ട്രയൽ നടത്താൻ അവർ സാമ്പത്തിക സഹായം പറ്റിയിട്ടുണ്ടെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

കേസിൽ കക്ഷികളായ സംസ്ഥാനങ്ങളുടെ അഭിഭാഷകർ വഴിയാകും സത്യവാങ്മൂലം മാദ്ധ്യമങ്ങൾക്ക് ലഭിച്ചതെന്ന് കേന്ദ്രസർക്കാർ കോടതിയുടെ വിമർശനത്തിന് മറുപടി നൽകി. ഇന്നലെ കേസ് പരിഗണിച്ചപ്പോൾ വീഡിയോ കോൺഫറൻസിലെ സാങ്കേതിക തകരാറുകൾ മൂലം വാദം കേട്ടില്ല. തുടർന്ന് കേസ് 13ലേക്ക് മാറ്റി.

സത്യവാങ്മൂലത്തിലെ മറ്റ് വിവരങ്ങൾ:

വാക്സിനേഷന് സൈന്യത്തിന്റെ സഹായം തേടാൻ ആലോചന.

 റെംഡെസിവിറിന്റെ ഉത്പാദനം കൂട്ടാൻ നടപടി.

 അടിയന്തര സാഹചര്യം പരിഗണിച്ച് മെഡിക്കൽ വിദ്യാർത്ഥികളെയും രംഗത്തിറക്കുന്നു.

 വാക്സിൻ ഇറക്കുമതിക്ക് ശ്രമം നടക്കുന്നു.

 വാക്സിനേഷന് ഓൺലൈൻ രജിസ്ട്രേഷൻ അനിവാര്യം. ഡോസ് സ്വീകരിച്ചവരുടെ എണ്ണം കൃത്യമായി ലഭിക്കും.

 വാക്സിനേഷൻ കേന്ദ്രങ്ങളിൽ ഏറെ തയ്യാറെടുപ്പ് ആവശ്യം. ഡോർ-ടു-ഡോർ വാക്സിൻ പ്രായോഗികമല്ല.

Advertisement
Advertisement