അസാം മുഖ്യമന്ത്രിയായി ഹിമന്ത ചുമതലയേറ്റു

Tuesday 11 May 2021 12:55 AM IST

ന്യൂഡൽഹി: അസാം മുഖ്യമന്ത്രിയായി ബി.ജെ.പി നേതാവ് ഹിമന്ത ബിശ്വ ശർമ്മ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഗവർണർ ജഗദിഷ് മുഖി സത്യവാചകം ചൊല്ലിക്കൊടുത്തു. മുൻ സ്പീക്കർ രഞ്ജീത്ത് കുമാർ ദാസ്, സഖ്യകക്ഷിയായ യു.പി.പി.എൽ നേതാവ് യു.ജി. ബ്രഹ്മ എന്നീ ആറു പുതുമുഖങ്ങൾ ഉൾപ്പെടെ 13 മന്ത്രിമാരും അധികാരമേറ്റു. സൊനോവാൾ മന്ത്രിസഭയിലെ ഏഴ് മന്ത്രിമാരെ പുതിയ മന്ത്രിസഭയിലും ഉൾപ്പെടുത്തി.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദ, സ്ഥാനമൊഴിഞ്ഞ മുഖ്യമന്ത്രി സർബാനന്ദ സൊനോവാൾ തുടങ്ങിയ പ്രമുഖരും പ്രതിപക്ഷ നേതാക്കളും ഗുവാഹത്തിയിലെ ശ്രീമന്ത ശങ്കരദേവ കലാക്ഷേത്ര ഓഡിറ്റോയത്തിൽ നടന്ന ചടങ്ങിനെത്തി. സഖ്യകക്ഷിയായ അസാം ഗണപരിഷത്ത് അദ്ധ്യക്ഷൻ അതുൽബോറ, ചന്ദ്രമോഹൻ , പരിമൾ ശുക്ലബൈദ്യ, കേശബ് മഹന്ത, പിജുഷ് ഹസാരിക, സഞ്ജയ് കിഷൻ, ജോഗൻ മോഹൻ എന്നിവരാണ് ഹിമന്തയുടെ കാബിനറ്റിലുള്ള മുൻമന്ത്രിമാർ. അജന്ത നേഗ്, ഡോ. രനോജ് പെഗു, അശോക് സിംഘാൾ, ബിമൽ ബോറ എന്നിവരാണ് മറ്റുപുതുമുഖങ്ങൾ. ആദ്യ മന്ത്രിസഭായോഗം ഇന്ന് ചേരും. മന്ത്രിമാരുടെ വകുപ്പുകൾ തീരുമാനിച്ചിട്ടില്ല.

കൊവിഡ് പ്രതിരോധനടപടികൾ ശക്തമാക്കുമെന്നും എൻ.ആർ.സി പുനഃപരിശോധിക്കുമെന്നും സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പ്രസംഗത്തിൽ ഹിമന്ത പറഞ്ഞു. ഉൾഫ നേതാവ് പരേഷ് ബറുവയോട് സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങാനും മുഖ്യധാര രാഷ്ട്രയിലേത്തിലേക്ക് വരാനും അദ്ദേഹം അഭ്യർത്ഥിച്ചു.