ഓക്സിജൻ ടാങ്കർ ഡ്രൈവർക്ക് വഴിതെറ്റി: തെലങ്കാനയിൽ ഏഴ് രോഗികൾ മരിച്ചു
Tuesday 11 May 2021 12:03 AM IST
ന്യൂഡൽഹി: ഓക്‌സിജൻ ടാങ്കർ ഡ്രൈവർക്ക് വഴിതെറ്റിയത് മൂലം, സമയത്ത് ഓക്സിജൻ ലഭിക്കാതെ തെലങ്കാനയിലെ കൊവിഡ് ആശുപത്രിയിൽ തീവ്ര പരിചരണവിഭാഗത്തിൽ കഴിഞ്ഞിരുന്ന ഏഴ് രോഗികൾ മരിച്ചു. ഹൈദരാബാദിലെ കിംഗ് കോട്ടി ജില്ലാ ആശുപത്രിയിൽ ഞായാറാഴ്ച വൈകിട്ടാണ് സംഭവം. വാഹനത്തിന്റെ ഡ്രൈവർക്ക് വഴി തെറ്റിയത് മൂലം ആശുപത്രിയിലേക്ക് ഓക്‌സിജനെത്താൻ വൈകിയതാണ് രോഗികളുടെ ദാരുണാന്ത്യത്തിനിടയാക്കിയത്. ഓക്‌സിജനുമായുള്ള ടാങ്കർ ലോറി വഴിതെറ്റി മറ്റൊരു ആശുപത്രിയിലേക്ക് പോകുകയായിരുന്നു. ഇതോടെ ആശുപത്രിയിൽ ഓക്സിജൻ വിതരണത്തിൽ പ്രതിസന്ധിയുണ്ടായി. ഐ.സി.യുവിലേക്കുള്ള ഓക്സിജന്റെ അളവ് കുറഞ്ഞു. 20ലേറെ രോഗികളാണ് ഐ.സി.യുവിലുണ്ടായിരുന്നത്. അതേസമയം ഓക്‌സിജൻ ക്ഷാമമാണ് മരണകാരണമെന്ന് തീർത്തുപറയാനാകില്ലെന്ന് ആശുപ്രത്രി അധികൃതർ പറഞ്ഞു.