റെക്കാഡ് നിരക്കിൽ കൊവിഡ് മരണം : കണ്ടയ്‌ൻമെന്റ് സോണിലും വ്യാപനം

Tuesday 11 May 2021 1:09 AM IST

തൃശൂർ : കൊവിഡ് മരണങ്ങളുടെ നിരക്ക് റെക്കാഡിലേക്ക്. ഒമ്പത് ദിവസത്തിനുള്ളിൽ നൂറോളം മരണങ്ങൾ. കൊവിഡ് പൊസിറ്റീവ് കണക്കിൽ ജില്ല കുതിക്കുമ്പോൾ അതിന് അനുസൃതമായി മരണനിരക്കിലും ഏറെ വർദ്ധനവാണ് ഉണ്ടായത്. അതേ സമയം സർക്കാർ പുറത്ത് വിടുന്ന മരണ കണക്കിൽ ഏറെ പൊരുത്തക്കേടുകളുണ്ട്. ഞായറാഴ്ച്ച നാൽപ്പതോളം മരണം സംഭവിച്ചിട്ടുണ്ടെങ്കിലും സർക്കാർ വെബ്‌സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത് 16 മരണമാണ്. മുൻ ദിവസങ്ങളിലും ഈ വ്യത്യാസം കാണാം. കൂടുതൽ കൊവിഡ് മരണം റിപ്പോർട്ട് ചെയ്യുന്നത് ഗുരുതര രോഗികളെ ചികിത്സിക്കുന്ന മുളങ്കുന്നത്ത് കാവ് മെഡിക്കൽ കോളേജിലാണ്. കൊവിഡ് മരണം സംസ്‌കരിക്കുന്ന ശ്മശാനങ്ങളിലെത്തിക്കുന്ന മൃതദേഹങ്ങളുടെ കണക്കും ആരോഗ്യ വകുപ്പ് പുറത്ത് വിടുന്ന കണക്കും തമ്മിൽ ഏറെ അന്തരം ഉണ്ട്. സർക്കാരിന്റെ കണക്ക് പ്രകാരം മേയ് ഒന്നിന് 21 മരണങ്ങളാണ് ജില്ലയിലെ ഏറ്റവും ഉയർന്ന നിരക്ക്. കൊവിഡ് നെഗറ്റീവായ ശേഷമാണ് പല രോഗികളും ന്യൂമോണിയ ബാധിച്ചും ശ്വാസം മുട്ടൽ അനുഭവപ്പെട്ടും മറ്റും മരിക്കുന്നത്. ഇത് പലപ്പോഴും കൊവിഡ് മരണത്തിലല്ല ഉൾപ്പെടുത്തിയിരിക്കുന്നത്.

വ്യാപനം കുറയുന്നില്ല

ലോക് ഡൗണിന് ദിവസങ്ങൾക്ക് മുമ്പേ ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും കോർപറേഷനിലെയും മുനിസിപ്പാലിറ്റികളിലെയും ഭൂരിഭാഗം ഡിവിഷനുകളും കണ്ടെയ്ൻമെന്റ് സോണുകളാക്കിയിരുന്നു. എന്നാൽ രോഗവ്യാപനം പിടിച്ചു നിറുത്താനായില്ല. പത്ത് ദിവസത്തിനുള്ളിൽ മാത്രം 36,000ന് മുകളിൽ കൊവിഡ് രോഗികളാണ് ഉണ്ടായത്. പത്ത് ദിവസത്തിനുള്ളിൽ രണ്ട് ദിവസം നാലായിരത്തിന് മുകളിലായിരുന്നു പൊസിറ്റീവ് കേസുകൾ. കണ്ടെയ്ൻമെന്റ് സോണുകളാക്കിയെങ്കിലും കൊവിഡിന്റെ ആദ്യഘട്ടത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ഇപ്പോൾ കർശനമായി പാലിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു. നേരത്തെ കണ്ടെയ്ൻമെന്റ് സോണാക്കിയാൽ ഒരാളെ പോലും പുറത്തിറങ്ങാൻ സമ്മതിച്ചിരുന്നില്ല. പരിശോധനകളും കർശനമായിരുന്നു.

പത്ത് ദിവസത്തെ പൊസിറ്റീവ് കേസുകളും മരണങ്ങളും

മേയ് 1 4070 21
മേയ് 2 3942 14
മേയ് 3 2621 7
മേയ് 4 3567 0
മേയ് 5 3731 14
മേയ് 6 3587 6
മേയ് 7 3738 6
മേയ് 8 4230 13
മേയ് 9 3753 16
മേയ് 10 3250 (മരണ നിരക്ക് പുറത്ത് വിട്ടിട്ടില്ല )

ആകെ

രോഗികൾ 36589
മരണം (ഒമ്പത് ദിവസം) 97

Advertisement
Advertisement