അപരാജിത ധൂമചൂർണ്ണം പകർച്ചവ്യാധി പ്രതിരോധത്തിന് കാലം തെളിയിച്ച ഔഷധപ്പുക: ഔഷധി

Tuesday 11 May 2021 3:11 AM IST

തൃശൂർ: അപരാജിത ധൂമചൂർണം പകർച്ചവ്യാധി പ്രതിരോധത്തിന് കാലം തെളിയിച്ച ഔഷധപ്പുകയാണെന്ന് ഔഷധി മാനേജിംഗ് ഡയറക്‌ടർ കെ.വി. ഉത്തമൻ പറഞ്ഞു. ആയുർവേദ ശാസ്ത്രപ്രകാരം, പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിന് ഉള്ളതാണിത്. പതിനഞ്ചിലേറെ വർഷമായി, സർക്കാർ ഉടമസ്ഥതയിലുള്ള ഔഷധി നിർമ്മിച്ച് വിതരണം നടത്തുന്നുണ്ട്.

ചിക്കുൻ ഗുനിയ, ഡെങ്കി തുടങ്ങിയവ പടർന്ന സമയത്ത് ഐ.എസ്.എം വകുപ്പിന് കീഴിലുള്ള സർക്കാർ ആയുർവേദ ഡിസ്‌പെൻസറികൾ, ആശുപത്രികൾ എന്നിവ വഴി ഈ പൊടി വിതരണം ചെയ്തിരുന്നു. വെള്ളപ്പൊക്കത്തിന് ശേഷം സാംക്രമിക രോഗങ്ങൾ തടയാനും ഉപയോഗിച്ചു. ഇത് പുകയ്ക്കുന്നത് വഴി പകർച്ചവ്യാധികൾ പടരുന്നത് കാര്യക്ഷമമായി നിയന്ത്രിക്കാൻ കഴിയുമെന്ന് ഐ.എസ്.എം. മെഡിക്കൽ ഓഫീസർമാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

ഈ ഔഷധപ്പുക അന്തരീക്ഷത്തിലെ അണുക്കളുടെ തോത് കാര്യക്ഷമമായി കുറയ്ക്കുന്നുവെന്ന് പഠനറിപ്പോർട്ടുമുണ്ട്. അന്തരീക്ഷം അണുവിമുക്തമാക്കുന്നതിനും കൊതുകു നശീകരണത്തിനുമുള്ള അപരാജിത ധൂമചൂർണത്തിന്റെയും സ്റ്റിക്കിന്റെയും കഴിവിന്റെ താരതമ്യപഠനം ഔഷധി നടത്തിയിരുന്നു. അപരാജിതധൂമ ചൂർണമോ സ്റ്റിക്കോ ഉപയോഗിച്ച് പുകയ്ക്കുന്നത് അന്തരീക്ഷത്തിലെ അണുക്കളുടെ തോത് ഏകദേശം അറുപത് ശതമാനം വരെ കുറയ്ക്കുന്നതായി പഠനറിപ്പോർട്ടിൽ പറയുന്നു.

ഔഷധി ഫാക്ടറിയിലും ഓഫീസിലും ഇത് ദിവസവും പുകയ്ക്കുന്നുണ്ട്. ആയുർവേദ തത്വങ്ങൾ ഉപയോഗിച്ച് മഹാമാരിയെ പ്രതിരോധിക്കാൻ ആലപ്പുഴ നഗരസഭ ഏറ്റെടുത്ത ധൂപസന്ധ്യ എന്ന മഹനീയ ദൗത്യം ഇന്ത്യയിലുടനീളം വ്യാപിപ്പിക്കണം. കൊവിഡ് പ്രതിരോധ പദ്ധതികളിൽ ഈ ചൂർണം ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.