കൊവിഡ് ഭീതിയിൽ പൊലീസുകാർ

Tuesday 11 May 2021 3:48 AM IST

തിരുവനന്തപുരം: കൊവിഡ് രണ്ടാംതരംഗം ശക്തിപ്രാപിക്കുമ്പോൾ മുന്നണിപ്പോരാളികളായ പൊലീസുകാരും രോഗ ഭീഷണിയിൽ. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ റോഡുകളിൽ ഡ്യൂട്ടിയുള്ള പൊലീസുകാരാണ് കൂടുതലും ബുദ്ധിമുട്ടിലായത്. ജില്ലയിലെ പല സ്റ്റേഷനുകളിലും ഇതിനോടകം തന്നെ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ഇതോടെ സ്റ്റേഷൻ ഓഫീസറടക്കം ക്വാറന്റൈനിൽ പോകേണ്ട സ്ഥിതിയാണ്. ഒരു ജി.ഡി ഓഫീസറും ഒരു പൊലീസുകാരനും മാത്രം ഡ്യൂട്ടിക്കുള്ള സ്റ്റേഷനുകളും ജില്ലയിലുണ്ട്. മറ്റുള്ളവരെ ലോക്ക് ഡൗൺ പരിശോധനയ്ക്കാണ് നിയോഗിച്ചിരിക്കുന്നത്.

നിലവിൽ 300 പൊലീസുകാ‌ർ ജില്ലയിൽ കൊവിഡ് ബാധിതരാണ്. ക്വാറന്റൈനിൽ കഴിയുന്ന പൊലീസുകാർ 600ന് മുകളിലാണ്. രോഗം സ്ഥിരീകരിച്ച പൊലീസുകാരുള്ള നഗര പരിധിയിലെ പൂന്തുറ, വലിയതുറ, വിഴിഞ്ഞം, മ്യൂസിയം, ശ്രീകാര്യം സ്റ്റേഷനുകളിൽ പരിശോധനയ്‌ക്ക് വേണ്ടത്ര പൊലീസും നിലവിലില്ല. പല സ്റ്റേഷനിലും പൊലീസുകാർക്ക് കൂട്ടത്തോടെ രോഗബാധ സ്ഥിരീകരിക്കുന്നത് ഒഴിവാക്കാൻ കൊവിഡ് ഡ്യൂട്ടിക്ക് പൊലീസുകാരെ നിയമിക്കുന്നതിൽ ക്രമീകരണം ഏർപ്പെടുത്തണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.

സ്റ്റേഷനിലുള്ള 25 ശതമാനം പൊലീസുകാരെ സ്റ്റേഷൻ ഡ്യൂട്ടിക്കും ബാക്കിയുള്ളവരെ കൊവിഡ് ഡ്യൂട്ടിക്കും നിയോഗിക്കണം. അങ്ങനെ വന്നാൽ കൊവിഡ് ഡ്യൂട്ടിയുള്ളവർക്ക് രോഗബാധ സ്ഥിരീകരിച്ചാലും സ്റ്റേഷൻ ഡ്യൂട്ടി സുഗമമായി നടത്താമെന്നാണ് ചില പൊലീസുകാരുടെ അഭിപ്രായം.

മാസ്‌കും സാനിറ്റൈസറും

ഇപ്പോഴും കിട്ടാക്കനി

പൊലീസുകാർക്ക് മാസ്‌കും സാനിറ്റൈസറും ആവശ്യത്തിന് ലഭിക്കുന്നില്ലെന്ന് ആക്ഷേപമുയർന്നിട്ട് മാസങ്ങളായെങ്കിലും ഇതുവരെ നടപടിയില്ല. മാസ്‌കും സാനിറ്റൈസറും പലരും ഇപ്പോൾ സ്വന്തം നിലയിൽ വാങ്ങുകയാണ്. കൊവിഡിന്റെ ആദ്യഘട്ടത്തിൽ ഇവ ഡിപ്പാർട്ട്മെന്റ് വിതരണം ചെയ്യണമെന്ന് ഡി.ജി.പി നിർദ്ദേശിച്ചിരുന്നെങ്കിലും നടപ്പിലായിട്ടില്ല.

ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

1. സാമൂഹിക അകലം കൃത്യമായി പാലിക്കുക 2. ഡ്യൂട്ടി സമയത്ത് മാസ്‌ക് ധരിക്കണം 3. സാനിറ്റൈസർ ഉപയോഗിക്കുക 4. ട്രാഫിക് ഡ്യൂട്ടിക്ക് കൈയുറകൾ ധരിക്കുക 5. ലാത്തി, വയർലെസ് എന്നിവ കൈമാറ്റം ചെയ്യുന്നതിന് മുമ്പ് അണുവിമുക്തമാക്കുക 6. മാസ്‌കും കൈയുറയും മാറ്റേണ്ടിവന്നാൽ ആവശ്യമായവ കൂടെ കരുതുക. 7. ഉപയോഗിച്ച മാസ്‌കും കൈയുറകളും വലിച്ചെറിയാതിരിക്കുക. 8. ദിവസവും യൂണിഫോം മാറി ധരിക്കണം 9. വീട്ടിലെത്തിയാൽ ഉടൻ ധരിച്ച വസ്ത്രങ്ങൾ കഴുകിയിടുക,

കുളിച്ചശേഷം മാത്രമേ വീട്ടിൽ പ്രവേശിക്കാൻ പാടുള്ളൂ

 രോഗികൾ - 300  ക്വാറന്റൈനിൽ - 600ലധികം