എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു
തൃശൂർ: എഴുത്തുകാരനും നടനുമായ മാടമ്പ് കുഞ്ഞുക്കുട്ടൻ അന്തരിച്ചു. 81 വയസായിരുന്നു. കൊവിഡ് ബാധിച്ച് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പനിയെ തുടർന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
കരുണം,പരിണാമം,മകൾക്ക്, ദേശാടനം,സഫലം,ഗൗരീശങ്കരം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയെഴുതി. 2000ത്തിൽ കരുണയുടെ തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം നേടി. കേരള സാഹിത്യ അക്കാഡമി അവാർഡും ലഭിച്ചു.ഭ്രഷ്ട്, അശ്വത്ഥാമാവ്, അവിഘ്‌നമസ്തു, ചക്കരക്കുട്ടിപ്പാറു, തോന്ന്യാസം തുടങ്ങിയവയാണ് പ്രധാന നോവലുകള്‍
വടക്കുംനാഥൻ,പോത്തൻവാവ,അഗ്നിനക്ഷത്രം,കരുണം,അഗ്നിസാക്ഷി,ദേശാടനം,ചിത്രശലഭം,അശ്വത്ഥാമാവ് തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു.1941 ല്‍ കിരാലൂര്‍ മാടമ്പ് മനയില്‍ ശങ്കരന്‍ നമ്പൂതിരിയുടേയും സാവിത്രി അന്തര്‍ജ്ജനത്തിന്റേയും മകനായി ജനിച്ചു. പരേതയായ സാവിത്രി അന്തര്‍ജനമാണ് ഭാര്യ. മക്കൾ:ഹസീന, ജസീന.
മാടമ്പ് കുഞ്ഞുക്കുട്ടന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. അദ്ദേഹത്തിന്റെ നിര്യാണം സാഹിത്യ- സാംസ്കാരിക രംഗത്തിന് വലിയ നഷ്ടമാണ്. ശ്രദ്ധേയനായ കഥാകൃത്തും തിരക്കഥാകൃത്തുമായിരുന്നു മാടമ്പ് കുഞ്ഞുക്കുട്ടൻ. ബഹുമുഖ വ്യക്തിത്വത്തിനുടമയായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു.