ആദ്യം ഇന്ത്യക്കാരെ സംരക്ഷിക്കൂ! 50 ലക്ഷം ഡോസ് കൊവിഷീൽഡ് യുകെയിലേക്ക് കയറ്റുമതി ചെയ്യാൻ ശ്രമിച്ച സിറത്തിനെതിരെ വടിയെടുത്ത് കേന്ദ്ര സർക്കാർ

Tuesday 11 May 2021 11:42 AM IST

ന്യൂഡൽഹി: 50 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിൻ യുകെയിലേക്ക് കയറ്റുമതി ചെയ്യാൻ അനുവദിക്കണമെന്ന സിറം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയുടെ (എസ്‌ഐഐ) അഭ്യർത്ഥന നിരസിച്ച് കേന്ദ്ര സർക്കാർ. രാജ്യത്തൊട്ടാകെ വാക്‌സിൻ ക്ഷാമം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് നടപടി.

18-44 വയസിനിടയിലുള്ളവർക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിന് ഈ ഡോസുകൾ നീക്കിവയ്ക്കുമെന്നാണ് സൂചന. ആദ്യം ഇന്ത്യക്കാരെ സംരക്ഷിക്കുന്നതിനായി പ്രാദേശിക വാക്‌സിൻ ഉത്പാദനം നടത്തണമെന്ന് കേന്ദ്ര സർക്കാർ സിറം ഇൻസ്റ്റിറ്റിയൂട്ട് ഒഫ് ഇന്ത്യയോട് നിർദേശിച്ചു

'18-44 വയസിനിടയിലുള്ളവരെ കുത്തിവയ്‌പെടുക്കാൻ 50 ലക്ഷം ഡോസ് കൊവിഷീൽഡ് വാക്‌സിൻ ഇപ്പോൾ ലഭ്യമാണ്. ഇത് വാങ്ങാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യ ആശുപത്രികൾക്കും വാങ്ങാമെന്ന് അധികൃതർ അറിയിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്.

കൊവിഷീൽഡിന്റെ ഉത്പാദനം പൂനെയിൽ പുരോഗമിക്കുകയാണെന്ന് എസ്‌ഐഐയുടെ സിഇഒ അഡാർ പൂനവല്ല അടുത്തിടെ അറിയിച്ചിരുന്നു.വാക്‌സിൻ ഡോസുകൾ കയറ്റുമതി ചെയ്യാൻ അനുവദിച്ചതിന് കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ നേരത്തെ കേന്ദ്രസർക്കാരിനെ വിമർശിച്ചിരുന്നു.

Advertisement
Advertisement