അമിത്ഷായുടെ കൈയില്‍ വിലങ്ങുവച്ച കന്തസ്വാമി, പിണറായിക്കെതിരെയുള്ള കേസന്വേഷിച്ച ഉദ്യോഗസ്ഥനെ വിജിലന്‍സ് തലപ്പത്തിരുത്തി സ്റ്റാലിന്‍, നിര്‍ണായക നീക്കം ചില ലക്ഷ്യങ്ങളോടെ

Tuesday 11 May 2021 12:46 PM IST

ചെന്നൈ: ബി ജെ പിയെ നഖശിഖാന്തം എതിർക്കുന്ന സ്റ്റാലിന്‍റെ പുതിയ മന്ത്രിസഭ അടിമുടി പുതുമ നിറഞ്ഞതാണ്. വാക്കിൽ മാത്രമല്ല പ്രവർത്തിയിലും പ്രതിപക്ഷ പോരാട്ടങ്ങൾക്ക് പലപ്പോഴും ചുക്കാൻ പിടിച്ചിട്ടുളള സ്റ്റാലിൻ മന്ത്രിസഭയ്‌ക്ക് പുറത്ത് നടത്തിയ ധീരമായ നീക്കമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

​​തമിഴ്‌നാട് വിജിലന്‍സ് അഴിമതി വിരുദ്ധ വിഭാഗം മേധാവിയായി പ്രശസ്‌ത ഐ പി എസ് ഉദ്യോഗസ്ഥന്‍ പി കന്തസ്വാമിയെ ആണ് സ്റ്റാലിൻ നിയമിച്ചിരിക്കുന്നത്. ഡി ജി പി റാങ്കോടു കൂടിയാണ് കന്തസ്വാമിയെ നിയമിച്ചിരിക്കുന്നത്. 2010ല്‍ സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്‌ ഏറ്റുമുട്ടല്‍ കേസിലെ കുറ്റാരോപണത്തില്‍ ഗുജറാത്ത് ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷായെ അറസ്റ്റ് ചെയ്‌ത സിബഐ അന്വേഷണ സംഘത്തിന്‍റെ തലവനായിരുന്നു കന്തസ്വാമി.

തമിഴ്‌നാട് കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥാനായ കന്തസ്വാമി സി ബി ഐയില്‍ ഐ ജി ആയിരുന്നപ്പോഴാണ് തന്‍റെ ഡെപ്യൂട്ടി ആയിരുന്ന ഡി ഐ ജി അമിതാഭ് ഠാക്കൂറുമൊത്ത് അമിത് ഷായെ അറസ്റ്റ് ചെയ്തത്. കേസില്‍ അമിത് ഷായെ കോടതി പിന്നീട് കുറ്റമുക്തനാക്കിയിരുന്നു. 2007ല്‍ ഗോവയില്‍ വച്ച് ഒരു ബ്രിട്ടീഷ് കൗമാരക്കാരിയെ ബലാത്സംഗം ചെയ്‌തു കൊന്ന കേസ് അന്വേഷിച്ച കന്തസ്വമി മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള എസ് എന്‍ സി ലാവ്‌ലിന്‍ കേസും അന്വേഷിച്ചിരുന്നു.

അധികാരം ലഭിച്ചാല്‍ എ ഐ എ ഡി എം കെ ഭരണത്തിലെ അഴിമതിക്കാരായ മന്ത്രിമാരെ വെറുതെ വിടില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്റ്റാലിന്‍ ആവര്‍ത്തിച്ച് പ്രഖ്യാപിച്ചിരുന്നു. നിയമന വാർത്ത കൂടി പുറത്തുവന്നതോടെ എടപ്പാടി പളനിസാമിയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ സര്‍ക്കാരിലെ ചില മന്ത്രിമാരെ ലക്ഷ്യമിട്ടാണ് കന്തസ്വാമിയുടെ നിയമനമെന്നാണ് ഡി എം കെ വൃത്തങ്ങൾ പറയുന്നത്.

മുന്‍മുഖ്യമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ എടപ്പാടി പളനിസാമിക്കെതിരെ അടക്കം ഡി എം കെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. വിജിലന്‍സിനും ഗവര്‍ണര്‍ക്കും ഇവര്‍ക്കെതിരെ സ്റ്റാലിന്‍റെ നേതൃത്വത്തിലുള്ള ഡി എം കെ സംഘം പരാതി നല്‍കുകയും ചെയ്‌തിരുന്നു.