ആരോഗ്യ പ്രവർത്തകയ്‌ക്ക് പറ്റിയത് വലിയ അബദ്ധം; 23കാരിക്ക് ഒറ്റ ഡോസിന് പകരം നൽകിയത് ആറ് ഡോസ് വാക്‌സിൻ
റോം: ഇറ്റലിയിലെ ടസ്‌കനിയിലെ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയ്‌ക്ക് ലോകത്താർക്കും ഇതുവരെ സംഭവിക്കാത്ത ഒരു വലിയ അബദ്ധം പിണഞ്ഞു. കൊവിഡ് പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനെത്തിയ 23കാരിക്ക് ഒരു ഡോസ് വാക്‌സിന് പകരം ആരോഗ്യ പ്രവർത്തക നൽകിയത് ആറ് ഡോസ്. ഫൈസറിന്റെ കൊവിഡ് പ്രതിരോധ വാക്‌സിനാണ് ആരോഗ്യ പ്രവർത്തക ഒരു ബോട്ടിൽ മുഴുവനും 23കാരിയിൽ കുത്തിവച്ചത്. ഇതിനു ശേഷം അഞ്ച് സിറിഞ്ചുകൾ കണ്ടപ്പോഴാണ് ആരോഗ്യപ്രവർത്തകയ്‌ക്ക് തനിക്ക് സംഭവിച്ച അബദ്ധം മനസ്സിലായത്.
ഉടനെ 23കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂർ കർശന നിരീക്ഷണത്തിലാക്കി. എന്നാൽ കുത്തിവയ്‌പ്പെടുത്ത സ്‌ത്രീ നല്ല ആരോഗ്യവതിയായതിനാൽ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. തുടർന്ന് ഇന്നലെ ഇവരെ ഡിസ്‌ചാർജ് ചെയ്‌തു.
വളരെയധികം വാക്‌സിൻ ചെന്നിട്ടുളളതിനാൽ യുവതിയുടെ ആരോഗ്യനില തുടർന്നും പരിശോധിക്കുമെന്ന് ഡോക്‌ടർമാർ അറിയിച്ചു. ഇതേ ആശുപത്രിയിലെ മന:ശാസ്ത്ര വിഭാഗത്തിൽ ജോലി നോക്കുകയാണ് കുത്തിവയ്പ്പെടുത്ത യുവതി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ആശുപത്രി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.