അങ്കണവാടി കെട്ടിടത്തിലെ വാട്ടർ ടാങ്കിൽ 40 ലിറ്റർ കോട

Wednesday 12 May 2021 7:23 AM IST

ആറ്റിങ്ങൽ: അങ്കണവാടി കെട്ടിടത്തിൽ നിന്ന് ചാരായം വാറ്റാനുള്ള കോട ആറ്റിങ്ങൽ എക്സൈസ് കണ്ടെത്തി നശിപ്പിച്ചു. ഊരൂപൊയ്ക ആനൂപ്പാറ അങ്കണവാടി കെട്ടിടത്തിന്റെ വാട്ടർ ടാങ്കിൽ 40 ലിറ്റ‍ർ കോട ഒളിപ്പിച്ചിരിക്കുകയായിരുന്നു.

പണി തീർന്നിട്ടും പ്രവർത്തനം ആരംഭിക്കാത്ത അങ്കണവാടി കെട്ടിടത്തിൽ സാമൂഹ്യവിരുദ്ധ ശല്യവും മദ്യപാനവും സ്ഥിരമാണെന്ന രഹസ്യ വിവരത്തെ തുടർന്നാണ് എക്സൈസ് പരിശോധനയ്ക്കെത്തിയത്. പരിസരത്ത് മദ്യക്കുപ്പികളും മറ്റും വലിച്ചെറിഞ്ഞ നിലയിലായിരുന്നു. ആറുമാസം മുൻപ് കെട്ടിടം പൂർത്തിയായെങ്കിലും പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ആനൂപ്പാറ എൽ.പി.എസിലാണ് അങ്കണവാടി. പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിക്കാത്തതിനെതിരെ നാട്ടുകാർ പ്രക്ഷോഭപരിപാടികൾ ആരംഭിക്കാനിരിക്കെയാണ് കോട പിടിച്ചത്. പ്രതികളെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.