പാർട്ടിക്ക് രസിക്കാത്ത ഉപഹാരം വാങ്ങി;​ പിന്നാലെ പാർട്ടിക്ക് പുറത്ത്

Wednesday 12 May 2021 12:00 AM IST

കോട്ടയം:ആലപ്പുഴ ചാത്തനാട്ടെ കളത്തിപ്പറമ്പിൽ വീട്ടിലെ സ്വീകരണമുറിയിൽ ഗൗരി അമ്മയുടെ ചിത്രവുമായി, നിയമസഭാ മന്ദിരത്തിന്റെ തേക്കിൽ തീർത്ത വലിയൊരു ശിൽപ്പമുണ്ട്. ആലപ്പുഴയിലെ പത്രപ്രവർത്തകർ നൽകിയ സ്നേഹോപഹാരം. അത് അവിടെ എത്തിയതിന് പിന്നിലും വിപ്ലവ നായികയുടെ പോരാട്ട വീര്യമുണ്ട് .

1993ൽ ഗൗരി അമ്മ സി.പി.എമ്മിന് അനഭിമതയായ കാലത്താണ് സ്പീക്കർ ശങ്കരനാരായണൻ തമ്പിയുടെ പേരിലുള്ള അവാർഡ് ലഭിക്കുന്നത്. ശങ്കരനാരായണൻ തമ്പിയെ ഏറെ ബഹുമാനിച്ചിരുന്ന ഗൗരി അമ്മയ്‌ക്ക് സ്വീകരണം നൽകണമെന്ന് ആലപ്പുഴയിലെ മാദ്ധ്യമ പ്രവർത്തകർ തീരുമാനിച്ചു. അതേപ്പറ്റി സംസാരിക്കാൻ പ്രസ്ക്ലബ്ബ് പ്രസിഡന്റ് ജോയ് വർഗീസും (മാതൃഭൂമി) സെക്രട്ടറി വി.ജയകുമാറും (കേരളകൗമുദി) ഗൗരി അമ്മയുടെ വീട്ടിലെത്തി. അവാർഡ് സ്വീകരിക്കുന്നതിൽ സി.പി എമ്മിന് താത്പര്യം ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ സ്വീകരണത്തോട് ഗൗരി അമ്മ താത്പര്യം പ്രകടിപ്പിച്ചു. രാഷ്‌ട്രീയക്കാർക്ക് പകരം തകഴി ചേട്ടനെക്കൊണ്ട് ഉപഹാരം കൊടുക്കാൻ തീരുമാനിച്ചു. അനാരോഗ്യം മറന്ന് തകഴി ചേട്ടൻ പങ്കെടുക്കാമെന്ന് സമ്മതിച്ചു. പഴയനിയമസഭാ മന്ദിരത്തിന്റെ മാതൃക സമ്മാനിക്കാനും തീരുമാനിച്ചു. ആലപ്പുഴ പുലിക്കാട്ടിൽ ഗ്രൂപ്പ് ഉടമ ടോമിച്ചനെ ഉപഹാരം നിർമ്മിക്കാൻ ഏൽപ്പിച്ചു. അദ്ദേഹം തേക്കു തടിയിൽ വലിപ്പവും ഭാരവുമുള്ള ശിൽപ്പം ഗൗരി അമ്മയുടെ ഫോട്ടോയും വച്ച് തയ്യാറാക്കി.

ചുവപ്പ് പരവതാനി വിരിച്ചാണ് ഗൗരി അമ്മയെ പ്രസ്ക്ലബ്ബിലേക്ക് സ്വീകരിച്ച് ആനയിച്ചത്. തകഴി ചേട്ടൻ കസേരയിൽ ഇരുന്നു നൽകിയ ഭാരമേറിയ ഉപഹാരം അരഡസനോളം പ്രസ്ക്ലബ്ബ് ഭാരവാഹികൾ ചേർന്നാണ് കൈമാറിയത്. തകഴി ചേട്ടന്റെയും ഗൗരി അമ്മയുടെയും വികാരഭരിതമായ പ്രസംഗം ഇന്നും ഓർക്കുന്നു. പാർട്ടിയിലെ പ്രശ്നങ്ങളിൽ തൊട്ട്,​ വിവാദ പ്രസംഗമായിരുന്നു ഗൗരിയമ്മ നടത്തിയത്. സ്വീകരണ യോഗത്തിന് പിറകേ സി.പി.എമ്മിൽ നിന്നുള്ള ഗൗരിയമ്മയുടെ പുറത്താക്കലുംഉണ്ടായി.

Advertisement
Advertisement