കണ്ണൂർ, കാസർകോട് ജില്ലകളിലേക്കുള്ള ഓക്സിജൻ ധർമ്മശാലയിൽ ഉത്പാദിപ്പിക്കും

Wednesday 12 May 2021 12:00 AM IST

തളിപ്പറമ്പ്: കണ്ണൂർ, കാസർകോട് ജില്ലകൾക്കാവശ്യമായ ഓക്സിജൻ ധർമ്മശാലയിലെ ബാൽകോ എയർ പ്രോഡക്ട്സിൽ നിന്ന് ഉത്പാദിപ്പിക്കാൻ സർക്കാറിന്റെ ഭാഗത്തുനിന്നും എല്ലാ സഹായവും നൽകുമെന്ന് നിയുക്ത എം.എൽ.എ എം.വി ഗോവിന്ദൻ പറഞ്ഞു. വ്യാവസായിക ആവശ്യങ്ങൾക്കുളള സിലിണ്ടറുകൾ മെഡിക്കൽ ആവശ്യത്തിന് ഉപയോഗിക്കുന്ന രീതിയിലേക്ക് മാറ്റുന്നത് വേഗത്തിലാക്കും. ബാൽകോയിൽ നിലവിലുളള ഉത്പാദനം ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്ന നടപടി ഈ ആഴ്ച്ചതന്നെ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ധർമ്മശാലയിലെ ബാൽകോ എയർ പ്രോഡക്ടസ് അദ്ദേഹം സന്ദർശിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിലേക്ക് പ്രതിദിനം ശരാശരി 600 സിലിണ്ടർ ഓക്സിജനാണ് ഇപ്പോൾ ആവശ്യമായി വരുന്നത്. ഇതിൽ 300 സിലിണ്ടറുകളാണ് ധർമശാലയിലെ പ്ലാന്റിൽ ഉത്പാദിപ്പിക്കുന്നത്. ബാക്കി കോഴിക്കോട്, പാലക്കാട് എന്നിവിടങ്ങളിൽ നിന്നെത്തിച്ച് വിതരണം ചെയ്യുകയാണ്. ഉത്പാദനം ഇരട്ടിയാക്കി വർദ്ധിപ്പിക്കുന്നതോടെ ബാൽക്കോയിൽ നിന്നു തന്നെ രണ്ടു ജില്ലകളിലേക്കുമുളള ഓക്സിജൻ ലഭ്യത ഉറപ്പുവരുത്താനാകും.

എയർ സെപ്പറേഷൻ സംവിധാനത്തിലുടെ വായുവിൽനിന്ന് ഓക്സിജൻ ഉത്പാദിപ്പിക്കുന്ന പ്ലാന്റാണ് ബാൽകോയിലുള്ളത്. കുറ്റൻ ടാങ്കിൽ ഓക്സിജൻ ശേഖരിച്ച് സിലിണ്ടറുകൾ നിറയ്ക്കാനുള്ള സൗകര്യമാണ് പുതുതായി ഒരുക്കുന്നത്. ആന്തൂർ നഗരസഭാ ചെയർമാൻ പി. മുകുന്ദൻ, ബാൽകോ സി.ഇ.ഒ ദിലീപ് പി. നായർ എന്നിവരും എം.വി. ഗോവിന്ദനോടൊപ്പമുണ്ടായിരുന്നു.

Advertisement
Advertisement