എന്തേ മുസ്ലീങ്ങളുടെ പേരുകൾ മാത്രം? മറുപടിയില്ലാതെ തേജസ്വി സൂര്യ; കൊവിഡ് കിടക്കകൾ കരിഞ്ചന്തയിൽ വിറ്റസംഭവത്തിൽ 16 ജീവനക്കാരെയും തിരിച്ചെടുത്ത് കോപ്പറേഷൻ

Tuesday 11 May 2021 10:19 PM IST

ബെംഗളുരു: കൊവിഡ് കിടക്കകൾ കരിഞ്ചന്തയിൽ മറിച്ചു വിറ്റ സംഭവത്തിൽ 16 മുസ്ലീം ജീവനക്കാർക്കെതിരെ ആരോപണ മുന്നയിച്ച ബി.ജെ.പി എം.പി തേജസ്വി സൂര്യയ്ക്ക് തിരിച്ചടി. ബെം​ഗളുരു കോർപ്പറേഷന്റെ കൊവിഡ് വാർ റൂമിൽ നിന്നും ആരോപണമുയർന്നതിനെത്തുടർന്ന് മാറ്റി നിർത്തിയ ജീവനക്കാരെ കോർപ്പറേഷൻ തിരിച്ചെടുത്തു. പതിനാറു പേർക്കെതിരെയും തെളിവൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഇവരെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

ജോലിയിൽ തിരിച്ചെടുത്തെങ്കിലും 16 ജീവനക്കാരിൽ അഞ്ചു പേർ തിരികെ പ്രവേശിക്കാൻ തയ്യാറായില്ല. മാനസികമായി തളർന്നെന്നും തിരികെ ജോലിയിൽ പ്രവേശിക്കാനാകില്ലെന്നും ഇവർ അറിയിച്ചതായി ബി.ബി.എം.പി സൗത്ത് സോൺ കമ്മീഷ്ണർ തുളസി മദിനേനി പറഞ്ഞു. ബാക്കി പതിനൊന്നു പേരെയും ജോലിയിൽ തിരികെ കൊണ്ടുവരുമെന്ന് ബെം​ഗളുരു സിവിക് ബോഡി അറിച്ചു.

അതേസമയം സംഭവത്തിൽ വാർ റൂമിലെ 16 മൂസ്ലീം ജീവനക്കാരുടെ മാത്രം പേരുകൾ എന്തുകൊണ്ടാണ് ഉന്നയിച്ചതെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിൽ നിന്നും തേജസ്വി ഒഴിഞ്ഞുമാറി. തനിക്ക് നല്‍കിയ പട്ടികയിലെ പേരുകള്‍ വായിക്കുക മാത്രമാണ് താന്‍ ചെയ്തത്. എന്തുകൊണ്ടാണ് മുസ്ലീം ജീവനക്കാരുടെ പേരുകള്‍ മാത്രം രേഖപ്പെടുത്തി പട്ടിക തയ്യാറാക്കിയത് എന്ന ചോദ്യം ഉദ്യോഗസ്ഥരോട് ചോദിക്കണമെന്നും തേജസ്വി പറഞ്ഞു.

കൊവി‍ഡ് കിടക്കകൾ ഉദ്യോഗസ്ഥരുടെ സഹായത്തോടെ മറിച്ചു വില്‍ക്കുന്ന അഴിമതി തേജസ്വിയും മറ്റു രണ്ട് ബി.ജെ.പി എംഎല്‍എമാരുമാണ് കഴിഞ്ഞ ദിവസം പുറത്ത് കൊണ്ടുവന്നത്. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ അഴിമതി പുറത്ത് കൊണ്ടുവന്നതിന് കോൺഗ്രസ് നേതാക്കളടക്കം ഇവരെ അഭിനന്ദിച്ചു. എന്നാല്‍ തൊട്ടടുത്ത ദിവസം കൊവിഡ് വാർറൂമിലെത്തി ഇവർ ഡ്യൂട്ടിയിലുണ്ടായിരുന്ന മുസ്ലീം ഉദ്യോഗസ്ഥരുടെ പേരുകൾ മാത്രം വിളിച്ചുപറഞ്ഞ് കാര്യങ്ങളന്വേഷിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.

ഇതോടെ അഴിമതി മതവിദ്വേഷം പടർത്താനായാണ് ബി.ജെ.പി നേതാക്കൾ ഉപയോഗിക്കുന്നതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്തെത്തി. തേജസ്വിയുടെ വിദ്വേഷ പ്രചാരണത്തിന് അടിയന്തരമായി വാക്സിന്‍ വേണമെന്ന് വിമർശിച്ചു. എന്നാല്‍ പ്രത്യേക മതവിഭാഗത്തിനെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്നാണ് തേജസ്വിയുടെ വിശദീകരണം. മേയ് ഏഴിന് വാര്‍ റൂം സന്ദര്‍ശിച്ച അദ്ദേഹം ജീവനക്കാരോട് ക്ഷമ ചോദിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് എം.പിയുടെ ഓഫീസ് നിഷേധിച്ചു.