ഹരിയാനയിൽ അജ്ഞാത ജ്വരം ബാധിച്ച് 28 മരണം

Wednesday 12 May 2021 12:44 AM IST

ചണ്ഡിഗഢ്: ഹരിയാനയിലെ റോഹ്‌തക്ക് ജില്ലയിലെ തിതോലി ഗ്രാമത്തിൽ അജ്ഞാതജ്വരം ബാധിച്ച് കഴിഞ്ഞ പത്തു ദിവസത്തിനിടെ 28 പേർ മരിച്ചതായി റിപ്പോർട്ട്. ജില്ലാഭരണകൂടം ഗ്രാമത്തെ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു. അജ്ഞാത ജ്വരമെന്ന് നാട്ടുകാർ പറയുന്നുണ്ടെങ്കിലും കൊവിഡാണ് മരണകാരണമെന്നാണ് അധികൃതരുടെ സംശയം.

28 പേർ മരിച്ചതായാണ് ഔദ്യോഗിക വിവരമെങ്കിലും 40 പേർ മരിച്ചതായി പ്രദേശവാസികൾ പറയുന്നു. സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾ പരിഭ്രാന്തിയിലാണ്. മരണത്തിന്റെ യഥാർത്ഥ കാരണം കണ്ടുപിടിക്കുന്നതിനായി പരിശോധനകളും അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്. മുൻകരുതലെന്ന നിലയിൽ ഇവിടെ ജില്ലാ ഭരണകൂടം കൊവിഡ് ചികിത്സാകേന്ദ്രങ്ങളും ആരംഭിച്ചു. ഗ്രാമത്തിൽ നിരവധിപ്പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാഭരണകൂടം പറയുന്നു.

തിതോലിയിലും സമീപ ഗ്രാമപ്രദേശങ്ങളിലുമായി കൊവിഡ് പരിശോധന നടത്തിയ 746 പേരിൽ 159 പേരും കൊവിഡ് പോസിറ്റീവാണ്. പരിശോധിച്ചവരിൽ 25 ശതമാനം പേരും കൊവിഡ് പോസിറ്റീവായതിനാൽ പ്രദേശത്ത് വലിയരീതിയിൽ പരിശോധനയും വാക്സിനേഷനും നടത്തുമെന്ന് ഗ്രാമം സന്ദർശിച്ച സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് രാകേഷ് സെയ്നി അറിയിച്ചു.