കേരള രാഷ്‌ട്രീയത്തിലെ യുഗാന്ത്യം: ജി. സുധാകരൻ

Wednesday 12 May 2021 12:07 AM IST

ആലപ്പുഴ: മാതൃസ്‌നേഹത്തിന് സമാനമായി എന്നും വാത്സല്യവും കരുതലും നൽകി അനുഗ്രഹിച്ച കെ.ആർ. ഗൗരിഅമ്മയുടെ ദേഹവിയോഗത്തിലൂടെ കേരള രാഷ്ട്രീയത്തിലെ ഒരു യുഗത്തിനാണ് അന്ത്യം സംഭവിച്ചിരിക്കുന്നതെന്ന് ജി. സുധാകരൻ അനുസ്മരിച്ചു. 1970 ൽ ഗൗരിഅമ്മയെ വി.എസിനോടൊപ്പം എം.എൽ.എ ക്വാർട്ടേഴ്‌സിൽ ആദ്യമായി കാണുമ്പോൾ രണ്ട് നക്ഷത്രങ്ങളെ നേരിട്ട് കാണുന്ന പ്രതീതിയായിരുന്നു. വി.എസാണ് എന്നെ ഗൗരിഅമ്മയ്ക്ക് പരിചയപ്പെടുത്തുന്നത്. അന്ന് എസ്.എഫ്.ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. അന്ന് മുതൽ ഗൗരിഅമ്മയുമായുള്ള വ്യക്തി ബന്ധം ശക്തമായി തുടർന്നിരുന്നു.

ഏറ്റവും ഇളയ അനുജനും പന്തളം കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന ജി.ഭുവനേശ്വരൻ രക്തസാക്ഷിയായ 1977 ഡിസംബർ 7 ന് താമരക്കുളത്തെ വസതിയിൽ വന്നിരുന്നു. അമ്മയെ ആശ്വസിപ്പിക്കാൻ തുടർദിവസങ്ങളിലും വന്ന കെ.ആർ.ഗൗരിഅമ്മയുടെ ആർദ്രമായ രൂപം ഇന്നും മനസിൽ തെളിഞ്ഞുനിൽക്കുന്നു. ഗൗരിഅമ്മയുടെ സ്‌നേഹവാത്സല്യങ്ങൾ എന്നും ഒപ്പം ഉണ്ടായിട്ടുണ്ട്. ഭരണരംഗത്ത് ഗൗരിഅമ്മയെ ഒരു മാതൃകയായി ഞാൻ കണക്കിലെടുത്തിട്ടുണ്ട്. അതെനിക്ക് എന്നും ഗുണം ചെയ്തിട്ടുണ്ട്. കെ.ആർ.ഗൗരിഅമ്മയുടെ നിര്യാണത്തിലൂടെ കേരള രാഷ്ട്രീയത്തിന്റെ ഒരു അദ്ധ്യായമാണ് അവസാനിച്ചതെന്നും സുധാകരൻ പറഞ്ഞു.

ജി. സുധാകരന്റെ വിവാഹവേദിയിൽ ഗൗരിഅമ്മ

​​

Advertisement
Advertisement