സ്മാർട്ട്ഫോൺ വില്പനയ്ക്ക് നഷ്‌ടത്തിന്റെ റേഞ്ച്

Wednesday 12 May 2021 12:00 AM IST

ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സാമ്പത്തിക ഞെരുക്കവും മൂലം ഇന്ത്യയിൽ സ്മാർട്ട്ഫോൺ വില്പന കുത്തനെ ഇടിയുന്നു. മുൻവർഷത്തെ സമാനപാദത്തെ അപേക്ഷിച്ച് ഈ വർഷം ജനുവരി-മാർച്ചിൽ വില്പന 18 ശതമാനം വ‌ർദ്ധിച്ചെങ്കിലും തൊട്ടുമുമ്പത്തെ പാദമായ ഒക്‌ടോബർ-ഡിസംബറിനേക്കാൾ 14 ശതമാനം നഷ്‌ടം നേരിട്ടു. കൊവിഡിന്റെ ഒന്നാംതരംഗ പശ്ചാത്തലത്തിൽ 2020 ജനുവരി-മാർച്ചിൽ വില്പന സജീവമായിരുന്നില്ല. എന്നാൽ, സെപ്‌തംബറിന് ശേഷം വിപണി നേട്ടത്തിന്റെ പാതയിലേറി.

ഒക്‌ടോബർ-ഡിസംബറിൽ മികച്ച തിരിച്ചുവരവ് നടത്തിയ വിപണിയിൽ, കൊവിഡ് വാക്‌സിൻ വിതരണ വാർത്തകൾ ആവേശമായതോടെ ഈവ‌ർഷം ജനുവരിയിലും നേട്ടക്കുതിപ്പ് ദൃശ്യമായിരുന്നു. എന്നാൽ, രണ്ടാംതരംഗമായി കൊവിഡ് ആഞ്ഞടിച്ചതോടെ ഫെബ്രുവരി-മാർച്ച് കാലയളവിൽ വിപണി തിരിച്ചടി നേരിടുകയായിരുന്നു. 3.8 കോടി സ്മാർട്ട്ഫോണുകളാണ് ഇക്കുറി ജനുവരി-മാർച്ചിൽ വിറ്റഴിഞ്ഞതെന്ന് ആഗോള ഗവേഷണ സ്ഥാപനമായ ഐ.ഡി.സി ചൂണ്ടിക്കാട്ടി. ഏപ്രിൽ-ജൂൺപാദത്തിലും വില്പനമാന്ദ്യം തുടരുമെന്നാണ് വിലയിരുത്തലുകൾ.

കടകളിലെ സ്മാർട്ട്ഫോൺ വില്പനയേക്കാൾ മികച്ച വളർച്ച കുറിക്കുന്നത് ഓൺലൈൻ വിപണിയാണ്. ഈ വർ‌ഷം ജനുവരി-മാർച്ചിൽ ഓൺലൈൻ വില്പന 2020ലെ സമാനപാദത്തേക്കാൾ 25 ശതമാനം വളർന്നു. എന്നാൽ, ഒക്‌ടോബർ-ഡിസംബറിനെ അപേക്ഷിച്ച് വില്പനവിഹിതം 46 ശതമാനമായി ഇടിഞ്ഞിട്ടുണ്ട്. ജനുവരി-മാ‌ച്ചിൽ കടകളിലെ വില്പനവളർച്ച 13 ശതമാനമാണ്.

143%

വാർഷികാടിസ്ഥാനത്തിൽ പ്രീമിയം ഫോണുകളുടെ വില്പന (30,000 രൂപയ്ക്കുമേൽ വിലയുള്ളവ) 143 ശതമാനം വ‌ർദ്ധിച്ചു. ഇവയിൽ 71 ശതമാനവും 5ജി ഫോണുകളാണ്. ആപ്പിൾ, സാംസംഗ്, വൺപ്ളസ് എന്നിവയാണ് വിപണിയിലെ താരങ്ങൾ.

50%

ആപ്പിളിന് വേണ്ടി ഫോണുകൾ നിർമ്മിക്കുന്ന തായ്‌വാൻ കമ്പനിയായ ഫോക്‌സ്‌കോണിന്റെ തമിഴ്നാട്ടിലെ പ്ളാന്റിൽ, കൊവിഡ് വ്യാപനം മൂലം ഐഫോൺ 12ന്റെ ഉത്‌പാദനം 50 ശതമാനം ഇടിഞ്ഞു.

Advertisement
Advertisement