ദന്ത ഡോക്ടറുടെ കാർ കവർന്ന മോഷ്ടാക്കൾ പിടിയിൽ
കാസർകോട്: ബേക്കൽ പാലക്കുന്നിലെ ഡോക്ടറുടെ കാർ കവർച്ച ചെയ്ത സംഭവത്തിൽ അന്തർ സംസ്ഥാന വാഹന മോഷണ സംഘം പിടിയിലായി. കാസർകോട് ചെങ്കള കോപ്പയിലെ മർദലി ഹൗസിൽ എം എച്ച് മുഹമ്മദ് അഫ്സൽ, വയനാട് കൽപ്പറ്റയിലെ പി. രഞ്ജിത്ത്, ബത്തേരി ബീനാച്ചിയിലെ പി. ഉനൈസ്, വയനാട് സ്വദേശി ജോസ്റ്റിൻ ടൈറ്റസ് എന്നിവരെയാണ് ബേക്കൽ ഡിവൈ.എസ്.പി കെ.എം. ബിജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഏപ്രിൽ 29ന് പാലക്കുന്നിലെ ദന്ത ഡോക്ടർ നവീൻ ഡയസിന്റെ കെ.എ. 20 എം.സി. 1965 നമ്പർ ഹ്യുണ്ടായി ക്രേറ്റ കാർ മോഷണം പോയ സംഭവത്തിലാണ് കുപ്രസിദ്ധ കുറ്റവാളികൾ പൊലീസിന്റെ പിടിയിലായത്. കാർ കവരുന്നതിന്റെ മൂന്ന് മാസം മുമ്പ് ജനുവരി 23ന് ഡോക്ടറുടെ വീട്ടിൽ നിന്ന് കാറിന്റെ താക്കോൽ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് പാലക്കുന്നിലെ ക്ളീനിക്കിന് മുന്നിൽ വച്ചാണ് കാർ മോഷണം പോയത്. ഡോക്ടറുടെ പരാതിയിൽ ഡിവൈ.എസ്.പിയും സംഘവും നടത്തിയ അന്വേഷണത്തിൽ താക്കോൽ കാണാതായ ദിവസം കാസർകോട് ആർട്ടിക് ഫർണിച്ചർ കടയിലെ ജീവനക്കാരനായ ഒന്നാം പ്രതി എം.എച്ച്. മുഹമ്മദ് അഫ്സൽ വീട്ടുപകരണങ്ങൾ ഇറക്കുന്നതിന് ഡോക്ടറുടെ വീട്ടിൽ എത്തിയിരുന്നതായി കണ്ടെത്തി. വിശദമായ അന്വേഷണത്തിൽ അഫ്സൽ മലപ്പുറം അരീക്കോട്ടാണ് ഉള്ളതെന്ന് സൂചന ലഭിച്ചു. അരീക്കോട്ടെ വാടക ക്വാർട്ടേഴ്സിൽ വച്ച് അന്വേഷണ സംഘം യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവാവിനെ ചോദ്യം ചെയ്തപ്പോൾ മോഷ്ടിച്ച കാറുമായി രണ്ടുപേർ കോയമ്പത്തൂരിലേക്ക് കടന്നതായി വിവരം ലഭിച്ചു. ഉടൻ തന്നെ ഒന്നാം പ്രതിയുമായി കോയമ്പത്തൂരിലെ ഫ്ളാറ്റിൽ എത്തിയാണ് പൊലീസ് രഞ്ജിത്തിനെയും ഉനൈഷിനെയും അറസ്റ്റ് ചെയ്തത്. എന്നാൽ കാർ മറ്റൊരു സംഘത്തിന് വിൽപന നടത്തിയിരുന്നു. അന്ന് ബേക്കലിലേക്ക് മടങ്ങിയ അന്വേഷണ സംഘം വീണ്ടും കോയമ്പത്തൂരിലേക്ക് പോയാണ് നാലാം പ്രതിയെ അറസ്റ്റ് ചെയ്തു വാഹനം കസ്റ്റഡിയിൽ എടുത്തത്. പിടിയിലായ പ്രതികൾ മറ്റു നിരവധി മയക്കുമരുന്ന്, മോഷണ കേസുകളിലെ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. അഫ്സൽ വിദ്യാനഗർ പൊലീസ് സ്റ്റേഷനിലെ പോക്സോ കേസിലും രഞ്ജിത്തും ഉനൈസും മയക്കുമരുന്ന്, വാഹന മോഷണ കേസുകളിലും നാലാം പ്രതി ജോസ്റ്റിൻ ടൈറ്റസ് ബംഗളുരു, മൈസൂരു എന്നിവിടങ്ങളിലെ വാഹന മോഷണ കേസുകളിലും പ്രതിയാണ്. കോയമ്പത്തൂർ കേന്ദ്രീകരിച്ച് വാഹന മോഷണം, ഓൺലൈൻ തട്ടിപ്പ് എന്നിവ നടത്തുന്നവരുമാണ്. മോഷ്ടിച്ച വാഹനം ഉപയോഗിച്ച് ആന്ധ്ര, കർണ്ണാടക എന്നിവിടങ്ങളിൽ പോയി മയക്കുമരുന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് അന്വേഷണത്തിന് നേതൃത്വം നൽകിയ ബേക്കൽ ഡിവൈ.എസ്.പി കെ.എം. ബിജു പറഞ്ഞു.