ശശീന്ദ്രൻ മന്ത്രിയാകട്ടെയെന്ന് ശരദ് പവാർ, തോമസ് കെ തോമസിനായി പീതാംബരൻ; രണ്ടിലൊന്ന് തീരുമാനമായില്ലെങ്കിൽ ഒന്നും നൽകില്ലെന്ന് സി പി എം

Wednesday 12 May 2021 9:30 AM IST

തിരുവനന്തപുരം: എന്‍ സി പിയില്‍ മന്ത്രിസ്ഥാനത്തെ ചൊല്ലിയുളള അടിമൂക്കുന്നു. എ കെ ശശീന്ദ്രനെ വെട്ടി മന്ത്രിയാകാനുളള നീക്കമാണ് പാർട്ടിയിൽ പുതിയ തർക്കങ്ങൾക്ക് വഴിവച്ചിരിക്കുന്നത്. തോമസ് ചാണ്ടിക്ക് നഷ്‌ടമായ മന്ത്രിസ്ഥാനം തങ്ങൾക്ക് വേണമെന്ന വാശിയിലാണ് തോമസ് കെ തോമസ് വിഭാഗം.

സി പി എം നിർദേശപ്രകാരം മന്ത്രിയെ പതിനെട്ടിന് പ്രഖ്യാപിക്കുമെന്ന് ഉറപ്പാണ്. തര്‍ക്കം കാരണം മന്ത്രിയെ പ്രഖ്യാപിക്കുന്നത് വൈകരുതെന്നാണ് നിര്‍ദേശം. ദേശീയ ജനറല്‍ സെക്രട്ടറി പ്രഫുല്‍ പട്ടേലിന്‍റെ സാന്നിദ്ധ്യത്തിൽ ചേരുന്ന യോഗത്തിലാകും മന്ത്രിയെ പ്രഖ്യാപിക്കുക. മന്ത്രിയെ പ്രഖ്യാപിക്കാതെ തർക്കം നീട്ടാനാണ് പരിപാടിയെങ്കിൽ അവകാശപ്പെട്ട മന്ത്രിസ്ഥാനം നൽകില്ലെന്നാണ് സി പി എം മുന്നറിയിപ്പ്.

ഫോൺകെണി വിവാദം, കായൽ കൈയേറ്റം, ഇടയ്‌ക്കിടെയുളള മന്ത്രിസ്ഥാനത്തിന് വേണ്ടിയുളള തർക്കം, മാണി സി കാപ്പന്‍റെ മുന്നണി മാറ്റം അടക്കം ആദ്യം പിണറായി മന്ത്രിസഭയിൽ എൻ.സി.പി ഉണ്ടാക്കിവച്ച തലവേദന ചെറുതായിരുന്നില്ല. ഇതിനിയും തുടരാനാണ് ഭാവമെങ്കിൽ അംഗീകരിക്കാൻ ബുദ്ധിമുട്ടാണെന്നാണ് സി പി എം നിലപാട്.

ശരദ് പവാർ അടക്കമുളള ദേശീയ നേതാക്കൾ മന്ത്രിസ്ഥാനത്തേക്ക് എ കെ ശശീന്ദ്രനെയാണ് പിന്തുണയ്‌ക്കുന്നത്. ഇടതുമുന്നണി വിടേണ്ടെന്ന ശശീന്ദ്രന്‍റെ തീരുമാനം രാഷ്ട്രീയ ശരിയാണെന്ന് തിരിച്ചറിഞ്ഞതും ദേശീയ നേതൃത്വത്തിന്‍റെ അനുകൂല തീരുമാനത്തിന് കാരണമാകും. മാണി സി കാപ്പന് വേണ്ടി ഇടതുമുന്നണി വിട്ടിരുന്നെങ്കില്‍ രാഷ്ട്രീയ നഷ്‌ടം എന്‍ സി പിക്കുണ്ടാവുമായിരുന്നു എന്നാണ് ദേശീയ നേതൃത്വത്തിന്‍റെ വിലയിരുത്തല്‍.

ശശീന്ദ്രന്‍ മന്ത്രിയാകുമെന്ന് തന്നെയായിരുന്നു എന്‍ സി പിയില്‍ ആദ്യമുണ്ടായിരുന്ന ധാരണ. എന്നാല്‍ തോമസ് കെ തോമസ് അപ്രതീക്ഷിതമായി മന്ത്രിസ്ഥാനത്തിന് നീക്കം നടത്തിയതോടെ ശശീന്ദ്രന്‍ പ്രതിസന്ധിയിലാവുകയായിരുന്നു. എ കെ ശശീന്ദ്രനും തോമസ് കെ തോമസും രണ്ട് തട്ടിലായതോടെ സി പി എമ്മിനും ഇത് തലവേദനായി മാറിയിരിക്കുകയാണ്.

എന്‍ സി പിയിലെ ശശീന്ദ്രന്‍ വിരുദ്ധ വിഭാഗം അദ്ദേഹം ഇത്തവണ മത്സരിക്കുന്നതിന് തന്നെ എതിരായിരുന്നു. യുവാക്കൾക്ക് വേണ്ടി മാറിനിൽക്കണമെന്നായിരുന്നു ആവശ്യം. ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചാണ് ശശീന്ദ്രൻ വീണ്ടും ജയിച്ചു കയറിയത്. ഇത്രയും കാലം മത്സരിക്കുകയും, മന്ത്രിയാവുകയും ചെയ്‌ത ശശീന്ദ്രന്‍ ഇനിയും തുടരേണ്ടെന്നാണ് എതിർവിഭാഗത്തിന്‍റെ ഇപ്പോഴത്തെ ആവശ്യം.

ശശീന്ദ്രനെ പിന്തുണയ്ക്കുന്നവർക്കെതിരെ സംസ്ഥാന അദ്ധ്യക്ഷൻ പീതാംബരൻ മാസ്റ്റർ നടപടിയെടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്. അതിനിടെ പീതാംബരനെ മാറ്റാനുള്ള ശ്രമം ശശീന്ദ്രന്‍ വിഭാഗം നടത്തുന്നുണ്ട്. കാപ്പന്‍ രാഷ്ട്രീയമായി പരാജയപ്പെട്ടെന്ന് ശശീന്ദ്രന്‍ പറഞ്ഞപ്പോൾ പീതാംബരന്‍ കാപ്പനെ പിന്തുണയ്ക്കുകയാണ് ചെയ‌്‌തത്. ഇതിനെ തിരുത്തി പാർട്ടി തന്നെ പിന്നീട് പത്രക്കുറിപ്പും ഇറക്കി. ഔദ്യോഗിക നിലപാടല്ല പീതംബരൻ മാസ്റ്റർ പറഞ്ഞതെന്നായിരുന്നു വിശദീകരണം. തോമസ് കെ തോമസിനെ മന്ത്രിയാക്കാനാണ് പീതാംബരന്‍റെ ഇപ്പോഴത്തെ നീക്കം.

Advertisement
Advertisement