ആ പ്രത്യേകത തനിക്ക് മാത്രം, തിരുവനന്തപുരത്ത് നിന്ന് ആന്ണറി രാജു മന്ത്രിയാകുമോ? ഗണേശിന്റെ അവകാശവാദം മറ്റൊന്നായിരുന്നു: സാദ്ധ്യതകൾ ഇങ്ങനെ

Wednesday 12 May 2021 10:53 AM IST

തിരുവനന്തപുരം: ലോക് താന്ത്രിക് ജനതാദളിന് പുമേ, ഒറ്റ അംഗം മാത്രം ജയിച്ച മറ്റ് ചെറുകക്ഷികൾക്കും മന്ത്രിസഭാ പ്രാതിനിധ്യത്തിൽ ഉറപ്പ് നൽകാതെ സി.പി.എം. ഐ.എൻ.എൽ, ജനാധിപത്യ കേരള കോൺഗ്രസ്, കേരള കോൺഗ്രസ് ബി, കോൺഗ്രസ് എസ് എന്നീ കക്ഷികളുമായാണ് ഇന്നലെ സി.പി.എം നേതൃത്വം ഉഭയകക്ഷി ചർച്ച നടത്തിയത്. എല്ലാവരും മന്ത്രിസഭാ പ്രാതിനിദ്ധ്യം ആവശ്യപ്പെട്ടു.

എന്നാൽ ഒറ്റയംഗമുള്ള അഞ്ച് ഘടകകക്ഷികളുള്ളപ്പോൾ പരിമിതിയുണ്ടെന്ന് സി.പി.എം എല്ലാവരോടും വ്യക്തമാക്കി. സി.പി.എമ്മിന് മാത്രം 67 എം.എൽ.എമാരുണ്ട്. സി.പി.ഐയ്‌ക്ക് 17ഉം. സി.പി.ഐയ്‌ക്ക് നാല് മന്ത്രിസ്ഥാനം നൽകണം. മന്ത്രിമാരുടെ എണ്ണം പരമാവധി 21ൽ കൂടാനുമാവില്ല. അഞ്ച് എം.എൽ.എമാരുള്ള കേരള കോൺഗ്രസ് എമ്മിന് ഒരു മന്ത്രിസ്ഥാനമേ നൽകാനാവൂ. ഈ സ്ഥിതിക്ക് കാര്യങ്ങൾ ഉൾക്കൊണ്ട് പോകണം.

27 വർഷമായി ഒപ്പമുള്ള കക്ഷിയെന്ന പരിഗണന വേണമെന്നും കോഴിക്കോട് സൗത്ത് പോലെ നിർണായകമണ്ഡലമാണ് പിടിച്ചെടുത്തതെന്നും ഐ.എൻ.എൽ അവകാശപ്പെട്ടു. ഇപ്പോൾ വിജയിച്ച ഒറ്റ അംഗങ്ങളിൽ മുതിർന്ന അംഗമെന്ന പരിഗണന വേണമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് പ്രതിനിധി ആന്റണി രാജു പറഞ്ഞു. 1996ൽ നിയമസഭയിൽ അംഗമായിരുന്നുവെന്നാണ് വാദം. കഴിഞ്ഞ തവണയും തഴയപ്പെട്ട കാര്യമാണ് കേരള കോൺഗ്രസ് ബി ഓർമ്മിപ്പിച്ചത്. 80 മുതൽ ഒപ്പം നിൽക്കുന്ന വൈകാരികബന്ധമാണ് കോൺഗ്രസ് എസിന്റെ കൈമുതൽ.

17ന് എൽ.ഡി.എഫ് യോഗം ചേരുന്നതിന് മുമ്പ് ഒന്നുകൂടി ഇരിക്കാമെന്നാണ് എല്ലാ കക്ഷികളെയും അറിയിച്ചിട്ടുള്ളത്. ഇതോടെ ഒറ്റയംഗമുള്ളവരിൽ ആർക്കൊക്കെ മന്ത്രിസ്ഥാനം കിട്ടുമെന്നതിൽ ആകാംക്ഷയേറി.

Advertisement
Advertisement