കൊവിഡ് രോഗപരിശോധന കുറച്ചു, ആശുപത്രികളിൽ നൽകുന്ന ഓക്‌സിജന്റെ അളവ് അറിയിച്ചില്ല; യോഗി സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി

Wednesday 12 May 2021 11:27 AM IST

അലഹബാദ്: ഉത്തർപ്രദേശിൽ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ജോലി നോക്കിയതുവഴി കൊവിഡ് ബാധിച്ച് മരിച്ച ഉദ്യോഗസ്ഥരുടെ കുടുംബത്തിന് ഒരു കോടി നഷ്‌ട പരിഹാരം നൽകാൻ സർക്കാർ ആലോചിക്കണമെന്ന് ഹൈക്കോടതി. പോളിംഗ് ഓഫീസർമാരായി ജോലി നോക്കിയതിനെ തുടർന്ന് കൊവിഡ് വന്ന് മരിച്ചവരുടെ കുടുംബത്തിനാണ് നഷ്‌ടപരിഹാരമായി ഒരുകോടി രൂപയെങ്കിലും നൽകാൻ ആലോചിക്കണമെന്ന് അലഹബാദ് ഹൈക്കോടതി ആവശ്യപ്പെട്ടത്.

യോഗി സർക്കാർ നൽകുമെന്ന് പ്രഖ്യാപിച്ച തുക 30 ലക്ഷം രൂപയാണ്. ഇത് ആ ഉദ്യോഗസ്ഥരെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തിന് വളരെ തുച്ഛമാണ്. 'ആർടിപിസി‌ആ‌ർ പരിശോധയില്ലാതെ ഉദ്യോഗസ്ഥരെ കൊണ്ട് ജോലി ചെയ്യാൻ നിർബന്ധിച്ച സംസ്ഥാന സ‌ർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും ബോധപുർവം ശ്രമിച്ചു.' കോടതി നിരീക്ഷണത്തിൽ പറയുന്നു.

28 ജില്ലകളിലായി 77 പോളിംഗ് ഓഫീസ‌ർമാരാണ് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് സംസ്ഥാന ഇലക്ഷൻ കമ്മീഷൻ തരുൺ അഗർവാൾ കോടതിയെ അറിയിച്ചു. കൂടുതൽ വിവരങ്ങൾ അറിയാൻ സമയം വേണമെന്നും അദ്ദേഹം കോടതിയോട് ആവശ്യപ്പെട്ടു.

അദ്ധ്യാപകരും ശിക്ഷാ മിത്രങ്ങളും അന്വേഷകരുമാണ് ഇത്തരത്തിൽ പോളിംഗ് ഓഫീസർമാരുടെ ഡ്യൂട്ടി ചെയ്യാൻ നി‌ർബന്ധിതരായി മരണമടഞ്ഞത്. ഇവർക്ക് പ്രഖ്യാപിച്ച തുക വളരെ കുറഞ്ഞുപോയി എന്ന് അഭിഭാഷകർ കോടതിയിൽ വാദിച്ചു.

എല്ലാ ജില്ലകളിലും മഹാമാരിക്കെതിരെ തീരുമാനമെടുക്കാൻ ഒരു കമ്മി‌റ്റി രൂപീകരിക്കണമെന്നും ജസ്‌റ്റിസ് സിദ്ധാ‌ർത്ഥ വർമ്മ, അ‌ജിത്‌ കുമാർ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. ഈ കമ്മി‌റ്റിയിൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേ‌റ്റോ തത്തുല്യ റാങ്കുള‌ളയാളോ ഉണ്ടാകണമെന്നും ഉത്തരവിലുണ്ട്. മെഡിക്കൽ കോളേജിലെ പ്രിൻസിപ്പൽ നാമനിർദ്ദേശം ചെയ്‌ത ഒരു പ്രൊഫസറും, ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സൂപ്രണ്ട് നാമനിർദ്ദേശം ചെയ്‌ത ഡോക്‌ടർമാരും സമിതിയിലുണ്ടാകണമെന്നും കോടതി നിർദ്ദേശിച്ചു.48 മണിക്കൂറിനകം ഇവ നിലവിൽ വന്നിരിക്കണമെന്നാണ് കോടതി ഉത്തരവ്.

സംസ്ഥാനത്ത് ടെസ്‌റ്റിംഗ് വളരെ കുറച്ചിട്ടുണ്ടെന്ന് സർക്കാർ നൽകിയ സത്യവാങ്‌മൂലം നിരീക്ഷിച്ച കോടതി പറഞ്ഞു. '22 ആശുപത്രികൾക്ക് ഓക്‌സിജൻ നൽകുന്നതിന്റെ കണക്ക് പോലും മുഴുവനില്ല.' കോടതി നിരീക്ഷിച്ചു.

നിരക്ഷരരായ തൊഴിലാളികളിൽ 18നും 45നുമിടയിൽ പ്രായമുള‌ളവർക്ക് വാക്‌സിൻ നൽകുന്നതിന് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും കേസ് ഇനി മേയ് 17ന് പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

Advertisement
Advertisement