തക്കതായ തിരിച്ചടി നൽകിയിട്ടേ പിന്മാറൂവെന്ന് ഇസ്രായേൽ; ഗാസയിൽ നിയന്ത്രണം വിട്ട് സംഘർഷം

Wednesday 12 May 2021 12:04 PM IST

ഗാസ: കഴിഞ്ഞ ഏഴ് വർഷത്തിനിടെ ഉണ്ടായ അതിശക്തമായ വ്യോമാക്രമണത്തിനാണ് ഗാസ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നത്. ഇന്നലെ ഹമാസ് നടത്തിയ റോക്ക‌റ്റ് ആക്രമണത്തിൽ മലയാളി യുവതി സൗമ്യ ഉൾപ്പടെ അഞ്ചുപേർ മരണമടഞ്ഞ സംഭവത്തിന് തക്കതായ തിരിച്ചടി നൽകിയിട്ടേ തങ്ങൾ പിന്മാറൂ എന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. സമാധാനത്തിനായി ശ്രമിക്കുന്ന ഐക്യരാഷ്‌ട്ര സഭയ്‌ക്കും ഈജിപ്‌റ്റിനും ഇസ്രയേൽ ഈ മറുപടിയാണ് നൽകിയത്.

യു.എസ് സ്‌‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ളിങ്കനും ഇസ്രായേലുമായി ചർച്ച നടത്തി. ജനവാസ മേഖലയിൽ ആക്രമണം നടത്തിയ ഹമാസിന് തിരിച്ചടി നൽകാൻ ഇസ്രായേലിന് അവകാശമുണ്ടെന്ന് വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസി അഭിപ്രായപ്പെട്ടു.

ഇതുവരെ ഗാസയിൽ 35 പേരും ഇസ്രായേലിൽ അഞ്ചുപേരുമാണ് നടപടിയിൽ കൊല്ലപ്പെട്ടത്. ഇന്ന് പുലർച്ചെ ഗാസയിലേക്ക് നൂറ് കണക്കിന് മിസൈലുകളാണ് ഇസ്രായേൽ അയച്ചത്. പലസ്‌തീനിയൻ തീവ്രവാദികളും മ‌റ്റ് ഇസ്ളാമിക ഭീകര സംഘടനകളും ടെൽ അവീവിലും ബീർഷെബയിലും നിരവധി തവണ റോക്ക‌റ്റ് ആക്രമണവും നടത്തി.

ഹമാസിന്റെ റോക്ക‌റ്റ് വിക്ഷേപണയിടങ്ങളും ഓഫീസുകളും സ്ഥിതി ചെയ്യുന്നയിടത്ത് തങ്ങൾ വ്യോമാക്രമണം നടത്തിയെന്നും നിരവധി ഹമാസ് ഇന്റലിജൻസ് ഉദ്യോഗസ്ഥരെ വധിച്ചതായും ഇസ്രായേൽ അറിയിച്ചു. സ്ഥലത്തെ യുദ്ധസമാനമായ അവസ്ഥ കാരണം നിരവധി ഇസ്രായേൽ പൗരന്മാർ രാജ്യത്തിന്റെ തെക്കൻ ഭാഗങ്ങളിലേക്ക് പലായനം ചെയ്‌തു.

ഇതിനിടെ ടെൽ അവീവിന് സമീപം ലോഡ് പട്ടണത്തിൽ ഹമാസിന്റെ റോക്ക‌റ്റ് കാറിൽ പതിച്ച് രണ്ടുപേർ മരിച്ചു. ഇതിലൊന്ന് ഏഴ് വയസുള‌ള പെൺകുട്ടിയാണ്. തങ്ങൾ 210 റോക്ക‌റ്റുകൾ ബീർഷെബയിലേക്കും ടെൽ അവിവിലേക്കും അയച്ചതായി ഹമാസ് അറിയിച്ചു.

റമദാൻ മാസത്തിൽ തന്നെ മേഖലയിൽ രക്തരൂക്ഷിതമായ പോരാട്ടം നടക്കുകയാണ്. ഇസ്രായേൽ പൊലീസും പാലസ്‌തീനിയൻ പ്രതിഷേധക്കാരും തമ്മിൽ ജെറുസലേമിലെ അൽ അക്‌സാ പള‌ളിക്ക് സമീപം ഏ‌റ്റുമുട്ടി. റോക്കറ്റ് ആക്രമണങ്ങൾക്ക് തീവ്രവാദികൾ വലിയ വില നൽകേണ്ടിവരും എന്ന ഇസ്രായേൽ പ്രധാനമന്ത്രി ‌ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രസ്‌താവനയ്‌ക്ക് പിന്നാലെയായിരുന്നു ഇസ്രായേലിന്റെ കനത്ത ആക്രമണം.

Advertisement
Advertisement