'5ജി സാങ്കേതികവിദ്യയാണ് കൊവിഡ് രണ്ടാം തരംഗത്തിന് കാരണം'; ഈ സന്ദേശത്തിന് പിന്നിലെ സത്യമെന്ത്?; ടെലികോം വകുപ്പ് നൽകുന്ന വിശദീകരണം ഇങ്ങനെ

Wednesday 12 May 2021 4:53 PM IST

മുംബയ്: ഇന്ത്യയിൽ കൊവിഡ് വ്യാപനം കൂ‌ടാൻ കാരണം മൊബൈൽ കമ്പനികൾ 5ജി ടവർ ടെസ്‌റ്റിംഗ് നടത്തുന്നതുകൊണ്ടാണെന്ന് സൂചിപ്പിക്കുന്ന ഒരു ഓഡിയോ സന്ദേശം പലർക്കും ലഭിച്ചിട്ടുണ്ടാകും. എന്നാൽ ഇത്തരം സന്ദേശങ്ങളിൽ യാതൊരു അടിസ്ഥാനവുമില്ലെന്നും 5ജിയും കൊവിഡും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നും 5ജി സാങ്കേതികവിദ്യ രാജ്യത്ത് ആരംഭിച്ചിട്ടുപോലുമില്ലെന്ന് ടെലികോം വകുപ്പ് അറിയിച്ചു.

നോൺ അയോണൈസ്ഡ് തരംഗങ്ങളാണ് മൊബൈൽ ടവറുകൾ പുറപ്പെടുവിക്കാറ്. ഇവയ്‌ക്ക് വളരെ കുറച്ച് ശക്തി മാത്രമേയുള‌ളു. അതിനാൽ തന്നെ മനുഷ്യന് എന്തെങ്കിലും ദോഷമുണ്ടാക്കാൻ ഇവ പര്യാപ്‌ത‌വുമല്ല.

അന്താരാഷ്‌ട്ര നിയമപ്രകാരം ടവറുകളിൽ നിന്നും വമിക്കാവുന്ന റേഡിയോ തരംഗങ്ങളെക്കാൾ കണിശമായാണ് ഇന്ത്യയിലെ നിയമമെന്നും ടെലികോം വകുപ്പ് അറിയിച്ചു. രാജ്യത്ത് മറ്റിടങ്ങളിലെക്കാൾ പത്തിരട്ടി കർശനമാണ് ഇക്കാര്യം. ഉപഭോക്താക്കൾക്ക് ഇക്കാര്യത്തിൽ സംശയമുണ്ടെങ്കിൽ വകുപ്പിനെ തരംഗ് സഞ്ചാർ പോർട്ടൽ വഴി അറിയിക്കുകയും ചെയ്യാം.

ടെലികോം സേവന ദാതാക്കളുടെ സംഘടനയായ സെല്ലുലാർ ഓപ്പറേ‌റ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (സി‌ഒ‌എ‌ഐ) ഈ വാദം തള‌ളിക്കളഞ്ഞിരുന്നു. പല രാജ്യങ്ങളും നിലവിൽ 5ജി സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതായും സി.ഒ.എ.ഐ ഡയറക്‌ടർ ജനറൽ എസ്.പി കൊച്ചാർ അറിയിച്ചു. ഭാരതി എയർ‌ടെൽ, റിലയൻസ് ജിയോ, വോടാഫോൺ ഐഡിയ(വി) എന്നിവയാണ് സംഘടനയിലെ അംഗങ്ങൾ.