ഭാരതീയ ദർശനങ്ങളുടെ സഹയാത്രികൻ

Thursday 13 May 2021 12:07 AM IST
എൻ.കെ. കൃഷ്ണൻ

കണ്ണൂർ: ''ജീവിതം ഒരു യാത്രയാണ് തുടക്കവും ഒടുക്കവും യാത്രികൻ അറിയുന്നില്ലെന്നു മാത്രം. അനുനിമിഷം കാഴ്ചകൾ കണ്ടുകൊണ്ടാണ് ഈ യാത്ര. സ്വപ്നങ്ങളും സങ്കൽപ്പങ്ങളും അനുമാനങ്ങളും അനുഭവങ്ങളും ആശയങ്ങളും എല്ലാ വ്യത്യസ്ത ദൃശ്യങ്ങൾ തന്നെ. ഒരോ വ്യക്തിയുടേയും കാഴ്ചപ്പാട് ഭിന്നമാണ്. അതാണ് ജീവിതത്തെ സുന്ദരമാക്കുന്നത്.'' ഇതായിരുന്നു ഇന്നലെ വിടപറഞ്ഞ ക്രാന്തദർശിയും ദീർഘദർശിയുമായിരുന്ന എൻ.കെ. കൃഷ്ണന് ജീവിതത്തെ കുറിച്ചുളള കാഴ്ചപ്പാട്. ജീവിതാവസാനം വരെ ഈ കാഴ്ചപ്പാട് മുറുകെ പിടിക്കാൻ കൃഷ്ണന് കഴിഞ്ഞതും ഈ ക്രാന്തദർശിത്വം കൊണ്ടായിരുന്നു. ഇന്ത്യൻ വ്യോമസേനയിലെ 22 വർഷത്തെ വിശിഷ്ട സേവനത്തിന് ശേഷം കനറാ ബാങ്കിലെ ഓഫീസറായി സേവനമനുഷ്ഠിച്ച കൃഷ്ണൻ കണ്ണൂരിലെ വിദ്യാഭ്യാസ രംഗത്തും സജീവസാന്നിധ്യമായിരുന്നു. ഭാരതീയ തത്വചിന്തയെ വളരെ ആഴത്തിൽ പഠിച്ചിട്ടുളള കൃഷ്ണൻ നന്നേ ചെറുപ്പം തൊട്ടേ സംസ്‌കൃത ഭാഷയെ സ്‌നേഹിക്കുകയും സംസ്‌കൃതത്തിൽ വളരെ ആഴത്തിലുളള അവഗാഹം സ്വായത്തമാക്കുകയും ചെയ്തിരുന്നു. സാഹിത്യ പ്രഭാഷണ അദ്ധ്യാപന രംഗങ്ങളിൽ മാത്രമല്ല കായികരംഗത്തും കൃഷ്ണൻ തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഗോൾകീപ്പർ ആയിട്ടും സെന്റർ ഫോർവേഡ് ആയിട്ടും എയർഫോഴ്സിൽ കളിച്ച കൃഷ്ണൻ മലബാറിലെ ബങ്കേഴ്സിന്റെ ടേബിൾ ടെന്നീസ് ടൂർണ്ണമെന്റിൽ 57 ആം വയസിൽ ചാമ്പ്യനായിരുന്നു. ടേബിൾ ടെന്നീസും ബാഡ്മിന്റണും അദ്ദേഹത്തിന് എന്നും ഹരമായിരുന്നു.

കണ്ണൂർ കവി മണ്ഡലത്തിന്റെ മുഖ്യ ഉപദേഷ്ടാവ്, ഇരുപതുവർഷം ഭാരതീയ വിചാരകേന്ദ്രത്തിന്റെ ജില്ലാ അധ്യക്ഷൻ, തപസ്യ സാഹിത്യ കലാ വേദി ജില്ലാ അധ്യക്ഷൻ, ആര്യബന്ധു സാഹിത്യവേദിയുടെ എക്സിക്യൂട്ടീവ് മെമ്പർ, മലബാർ തീയ്യ മഹാസഭയുടെ സംഘടനാ പ്രസിഡന്റ് തുടങ്ങി ഒട്ടേറെ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഈ സ്ഥാനമാനങ്ങളും പ്രൊഫ. ടി.വി ലക്ഷ്മണൻ സ്മാരക അവാർഡ്, അഴീക്കോട് ഇംഗ്ലീഷ് ലിറ്റററി ക്ലബ് പുരസ്‌കാരം മുതലായ പുരസ്‌കാരങ്ങളും അദ്ദേഹത്തിന്റെ പ്രതിഭയ്ക്കുള്ള അംഗീകാരങ്ങൾ തന്നെയാണ്.

മികച്ച അധ്യാപൻ കൂടിയായിരുന്ന അദ്ദേഹം മിതഭാഷിയായിരുന്നുവെങ്കിലും തന്റേതായ അഭിപ്രായങ്ങൾ ഏത് വേദികളിലും സ്വത്വസിദ്ധമായ ശൈലിയിൽ തുറന്നുപറയുന്ന പ്രകൃതക്കാരനായിരുന്നു. നല്ലൊരു സാഹിത്യക്കാരൻ കൂടിയായിരുന്ന കൃഷ്ണൻ തന്റെ സ്വതന്ത്രമായ അഭിപ്രായങ്ങൾ വ്യക്തവും ലളിതവുമായ രീതിയിൽ സ്വന്തം കൃതികളിലൂടെ അവതരിപ്പിക്കുകയുണ്ടായി

Advertisement
Advertisement