സീഷെൽസിൽ വാക്സിനേഷന് ശേഷവും രോഗവ്യാപനം വർദ്ധിക്കുന്നു @വിവരങ്ങൾ അവലോകനം ചെയ്ത് ഡബ്ലിയു.എച്ച്.ഒ

Thursday 13 May 2021 1:31 AM IST

ജനീവ: ജനസംഖ്യയുടെ ഭൂരിഭാഗം പേർക്കും വാക്സിന്‍ നല്‍കിയ ശേഷവും രോഗികളുടെ എണ്ണത്തിൽ പെട്ടന്ന് വർദ്ധനവ് റിപ്പോർട്ട് ചെയ്ത സീഷെല്‍സിലെ കൊവിഡ് വിവരങ്ങൾ അവലോകനം ചെയ്യുന്നുണ്ടെന്ന് ലോകാരോഗ്യ സംഘടന. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പരിശോധിച്ചവരിൽ മൂന്നിലൊന്ന് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണിത്.

രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും വാക്‌സിനേഷൻ എടുക്കാത്തവരും അല്ലെങ്കില്‍ ഒരു ഡോസ് മാത്രം സ്വീകരിച്ചവരുമാണെന്ന് സീഷെൽസ് ആരോഗ്യ മന്ത്രാലയവും ഡബ്ല്യിയു.എച്ച്.ഒയും വ്യക്തമാക്കി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ആരും മരണമടഞ്ഞിട്ടില്ലെന്നും കഠിനമായി രോഗം ബാധിക്കുകയും ചികിത്സയ്ക്ക് വിധേയരാകുകയും ചെയ്തവർ വാക്‌സിൻ സ്വീകരിക്കാത്തവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒരു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യത്ത് പ്രതിദിനം നൂറിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു.

രാജ്യത്ത് ശരാശരി പോസിറ്റീവ് കേസുകളുടെ എണ്ണം ഏപ്രിൽ 30ന് 120 ആയിരുന്നു. മേയ് എട്ടിന് അത് 314 ആയി ഉയര്‍ന്നു. രോഗം സ്ഥിരീകരിക്കുന്നവരിൽ മൂന്നിൽ രണ്ട് പേരും മറ്റൊരു വ്യക്തിയുമായുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധിതരാകുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഒരു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള സീഷെൽസ് വാക്സിൻ വിതരണത്തിനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ചൈനയുടെ സിനോഫാമും ഇന്ത്യയിലെ കൊവിഷീൽഡുമാണ് വിതരണം ചെയ്തത്.

Advertisement
Advertisement