വാറ്റും വ്യാജമദ്യവും ഒഴുകുന്നു : ജില്ലയിൽ ജാഗ്രതാ നിർദ്ദേശം

Thursday 13 May 2021 1:02 AM IST

കോട്ടയം : കൊവിഡ് വ്യാപനം രൂക്ഷമായതോടെ മദ്യ വില്പനയ്‌ക്ക് താത്കാലിക വിലക്കിട്ട് ഒരാഴ്‌ച പിന്നിടുമ്പോൾ ജില്ലയിൽ വാറ്റും വാജ്യമദ്യവും ഒഴുകുന്നതായി റിപ്പോ‌ർട്ട്. ഈ സാഹചര്യത്തിൽ മദ്യദുരന്തം ഒഴിവാക്കാൻ അതീവ ജാഗ്രത പുലർത്തണമെന്നാണ് എക്‌സൈസിനും പൊലീസിനും നിർദ്ദേശം. മുൻപ് വാറ്റ് നടന്നിട്ടുള്ള പ്രദേശങ്ങളിലും, പിടിയിലായ വ്യക്തികളെയും കേന്ദ്രീകരിച്ച് അന്വേഷണം നടത്തണമെന്നും പറയുന്നു.

മലയോര മേഖലയിലും, പടിഞ്ഞാറൻ മേഖലയിലുമാണ് വ്യാപകമായി വ്യാജവാറ്റ് നടക്കുന്നത്. കഴിഞ്ഞ ലോക്ക് ഡൗണിൽ ജില്ലയിൽ 300 ലിറ്ററോളം വാറ്റും, അയ്യായിരം ലിറ്റർ കോടയുമാണ് പിടിച്ചെടുത്തത്. കാടുകളും ഒഴിഞ്ഞ കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് വ്യാജചാരായം വാറ്റ് നടന്നത്. ഈ സാഹചര്യത്തിൽ ഇക്കുറിയും സമാന രീതിയിലുള്ള കേന്ദ്രങ്ങളിൽ വ്യാജവാറ്റിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.

ഡ്രോണിന്റെ സഹായവും

വാറ്റ് സജീവമായ പ്രദേശങ്ങൾ കണ്ടെത്തുന്നതിനായി ഡ്രോണിന്റെ സഹായം ഉപയോഗിക്കുന്നതിന് എക്‌സൈസും പൊലീസും ആലോചിക്കുന്നുണ്ട്. അടുത്ത ദിവസം ഹെലിക്യാം ജില്ലയിൽ എത്തിക്കുമെന്നാണ് സൂചന.