യാഗം നടത്തിയാൽ കൊവിഡിനെ പ്രതിരോധിക്കാമെന്ന് ബി.ജെ.പി മന്ത്രി

Thursday 13 May 2021 12:47 AM IST

ഭോപ്പാൽ: യാഗം നടത്തിയാൽ കൊവിഡ് മൂന്നാം തരംഗത്തെ പ്രതിരോധിക്കാൻ സാധിക്കുമെന്ന് അവകാശപ്പെട്ട് ബി.ജെ.പി മന്ത്രി. മദ്ധ്യപ്രദേശ് സാംസ്‌കാരിക മന്ത്രി ഉഷ താക്കൂറാണ് വിചിത്ര വാദവുമായി രംഗത്തെത്തിയത്. കൊവിഡിനെ നേരിടാൻ ജനങ്ങൾ നാല് ദിവസം 'യാഗ ചികിത്സ' നടത്തണമെന്നാണ് മന്ത്രിയുടെ നിർദേശം.

ഇൻഡോറിലെ പുതിയ കൊവിഡ് കെയർ സെന്റർ ഉദ്ഘാടനം ചെയ്ത ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

'പരിസ്ഥിതി ശുദ്ധീകരിക്കാനായി നാല് ദിവസം യാഗം നടത്തണം. ഇതാണ് യാഗ ചികിത്സ. പകർച്ചവ്യാധികളിൽനിന്ന് രക്ഷനേടാനായി പഴയ കാലങ്ങളിൽ നമ്മുടെ പൂർവികർ യാഗം നടത്തിയിരുന്നു. നമുക്കെല്ലാവർക്കും പരിസ്ഥിതിയെ ശുദ്ധീകരിക്കാം. അങ്ങനെയെങ്കിൽ കൊവിഡ് മൂന്നാം തരംഗത്തിന് ഇന്ത്യയെ തൊടാൻ പോലും സാധിക്കില്ല.' - ഉഷ താക്കൂർ പറഞ്ഞു.

കൊവിഡ് മൂന്നാം തരംഗം ആദ്യം കുട്ടികളെ ബാധിക്കുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. ഇതിനെ നേരിടാൻ മദ്ധ്യപ്രദേശ് സർക്കാർ പൂർണമായ തയ്യാറെടുപ്പുകൾ നടത്തുകയാണെന്നും വിജയകരമായി കൊവിഡിനെ മറികടക്കുമെന്നും മന്ത്രി വ്യക്തമാക്കി.

നേരത്തെ കൊവിഡിനെ പ്രതിരോധിക്കാൻ ഇൻഡോർ വിമാനത്താവളത്തിലെ ദേവീ പ്രതിമയ്ക്ക് മുന്നിൽ ഉഷാ താക്കൂർ പരസ്യമായി പൂജ നടത്തിയത് വിവാദമായിരുന്നു.