കൊവാക്സിൻ കുട്ടികളിൽ പരീക്ഷിക്കാൻ അനുമതി

Thursday 13 May 2021 12:00 AM IST

ന്യൂഡൽഹി: കൊവിഡ് മൂന്നാംതരംഗം കുട്ടികളെ കൂടുതലായി ബാധിക്കുമെന്ന ആശങ്കകൾക്കിടെ, ഇന്ത്യയുടെ തദ്ദേശീയ കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്‌സിന് കുട്ടികളിൽ ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി. 2 മുതൽ 18 വയസുവരെയുള്ളവരിൽ പരീക്ഷണം നടത്താനാണ് കേന്ദ്ര ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ വിഷയ വിദഗ്ദ്ധസമിതി ഭാരത് ബയോടെക്കിന് അനുമതി നൽകിയതെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കുട്ടികളിൽ പരീക്ഷണം നടത്തുന്ന ആദ്യ കൊവിഡ് വാക്‌സിനാണിത്.
ഡൽഹിയിലെയും പാട്നയിലെയും എയിംസുകളും നാഗ്പൂരിലെ മെഡിട്രിന ആശുപത്രിയും ഉൾപ്പെടെ രാജ്യത്തെ വിവിധയിടങ്ങളിലായി 525 കുട്ടികളിലാണ് പരീക്ഷണം. മൂന്നാംഘട്ട പരീക്ഷണത്തിലേക്ക് കടക്കും മുമ്പ് രണ്ടാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ ഇടക്കാല റിപ്പോർട്ട് സമിതിക്ക് നൽകണം. ഐ.സി.എം.ആറുമായി ചേർന്നാണ് ഭാരത് ബയോടെക്ക് കൊവാക്‌സിൻ വികസിപ്പിച്ചത്.

Advertisement
Advertisement