കൊവിഡ് പ്രതിസന്ധി: അടിയന്തര നിർദ്ദേശങ്ങളുമായി മോദിക്ക് കത്തയച്ച് പ്രതിപക്ഷം

Thursday 13 May 2021 12:27 AM IST

ന്യൂഡൽഹി: കൊവിഡിന്റെ രണ്ടാം തരംഗത്തെ നേരിടാൻ അടിയന്തര നടപടികൾ ആവശ്യപ്പെട്ട് 12 പ്രതിപക്ഷ കക്ഷി നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. വാക്സിനേഷൻ വിപുലപ്പെടുത്തണമെന്നും അതിനായി 35,000 കോടി രൂപ അനുവദിക്കണമെന്നും പി.എം. കെയേഴ്സ് ഫണ്ടിലെ മുഴുവൻ തുകയും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അടിയന്തരമായി ഉപയോഗിക്കണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

പ്രതിപക്ഷ നേതാക്കളായ സോണിയാ ഗാന്ധി (കോൺഗ്രസ്), എച്ച്.ഡി. ദേവഗൗഡ (ജെ.ഡി.എസ്), ശരത് പവാർ (എൻ.സി.പി), ഉദ്ധവ് താക്കറെ (ശിവസേന), മമതാ ബാനർജി (തൃണമൂൽ), എം.കെ. സ്റ്റാലിൻ (ഡി.എം.കെ), ഹേമന്ത് സോറൻ (ജെ.എം.എം), ഫറൂഖ് അബ്ദുള്ള (ജെ.കെ.പി.എ), അഖിലേഷ് യാദവ് (എസ്.പി), തേജസ്വി യാദവ് (ആർ.ജെ.ഡി), ഡി. രാജ (സി.പി.ഐ), സീതാറാം യെച്ചൂരി (സി.പി.എം) എന്നിവരാണ് കത്തിൽ ഒപ്പിട്ടത്.

പ്രതിപക്ഷം പറയുന്ന കാര്യങ്ങൾ അനുസരിക്കുന്ന പതിവില്ലെങ്കിലും പ്രത്യേക സാഹചര്യം പരിഗണിച്ച് കത്തിലെ ആവശ്യങ്ങൾ പരിഗണിക്കണമെന്നും നേതാക്കൾ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കത്തിലെ പ്രധാന ആവശ്യങ്ങൾ

 ലഭ്യമായിടത്തു നിന്നെല്ലാം കേന്ദ്രസർക്കാർ വാക്സിൻ സംഭരിക്കുക.

 രാജ്യം മുഴുവൻ എല്ലാവർക്കും സൗജന്യ വാക്സിനേഷൻ തുടങ്ങുക.

 കൂടുതൽ ഉത്പാദകരിലൂടെ ആഭ്യന്തര വാക്സിൻ വിതരണം വർദ്ധിപ്പിക്കുക.

 വാക്സിനേഷന് ബഡ്ജറ്റ് വിഹിതമായി 35,000 കോടി അനുവദിക്കുക.

 സെൻട്രൽ വിസ്താ പദ്ധതി നിറുത്തി ആ തുക ഉപയോഗിച്ച് ഓക്സിജനും വാക്സിനും ലഭ്യമാക്കുക.

 സ്വകാര്യ ട്രസ്റ്റായ പി.എം. കെയേഴ്സ് ഫണ്ടിലെ പണം മുഴുവൻ വിതരണം ചെയ്‌ത് ഓക്സിജനും മെഡിക്കൽ ഉപകരണങ്ങളും വാങ്ങുക.

 തൊഴിലില്ലാത്തവർക്ക് പ്രതിമാസം 6000 രൂപ അനുവദിക്കുക.

 ആവശ്യക്കാർക്ക് സൗജന്യ ഭക്ഷ്യവിതരണം നടത്തുക.

 അന്നദാതാക്കളായ കർഷകരെ സഹായിക്കാൻ വിവാദ കർഷക നിയമങ്ങൾ റദ്ദാക്കുക.

പോസിറ്റിവിറ്റി പ്രചാരണത്തിനെതിരെ രാഹുൽ

കൊവിഡ് പ്രതിരോധത്തിൽ വീഴ്ച സംഭവിച്ചെന്ന വിമർശനങ്ങൾ മറയ്ക്കാൻ കേന്ദ്രസർക്കാർ ആവിഷ്കരിച്ച 'പോസിറ്റിവിറ്റി' പ്രചാരണ പരിപാടിക്കെതിരെ രാഹുൽ ഗാന്ധി. രാജ്യത്തെ ഇന്നത്തെ സാഹചര്യത്തിൽ പോസിറ്റീവായി ചിന്തിക്കാൻ ആവശ്യപ്പെടുന്നത് ക്രൂരമായ തമാശയാണെന്ന് രാഹുൽ ട്വീറ്റ് ചെയ്‌തു.

'പരിപാടി ഓക്സിജനും ആശുപത്രി കിടക്കയും മരുന്നും കിട്ടാതെ മരിച്ച കുടുംബങ്ങളോടുള്ള തമാശയാണ്. വസ്തുതകൾ കാണാതെ തല മണ്ണിൽ പൂഴ്ത്തവയ്ക്കുന്ന നടപടി പൗരൻമാരോടുള്ള വഞ്ചനയാണെന്നും' രാഹുൽ ട്വീറ്റ് ചെയ്ത‌ു.

രാജ്യം ദുരന്തത്തെ അഭിമുഖീകരിക്കുന്ന സമയത്ത് കള്ളവും വ്യാജ സിദ്ധാന്തങ്ങളും പ്രചരിപ്പിക്കാനാണ് കേന്ദ്രസർക്കാരിന്റെ നീക്കമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ദ്ധൻ പ്രശാന്ത് കിഷോർ കുറ്റപ്പെടുത്തി.

ബി.ജെ.പിയും ആർ.എസ്.എസും ചേർന്ന് 'പോസി​റ്റിവി​റ്റി അൺലിമി​റ്റഡ്' എന്ന പേരിൽ മതനേതാക്കൾ, വ്യവസായ പ്രമുഖർ തുടങ്ങിയവരുടെ പ്രസംഗങ്ങളടങ്ങിയ ഓൺലൈൻ പരിപാടി സംഘടിപ്പിക്കാൻ ഒരുങ്ങുകയാണ്. സമൂഹമാദ്ധ്യമങ്ങൾ വഴി പരിപാടി വിജയിപ്പിക്കാൻ കേന്ദ്രമന്ത്രിമാർക്കും എം.പിമാർക്കും കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കും നിർദ്ദേശമുണ്ട്.

Advertisement
Advertisement