തമിഴ് നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു
Thursday 13 May 2021 12:30 AM IST
ചെന്നൈ: ഗില്ലി, കുരുവി തുടങ്ങി ഒട്ടേറെ ഹിറ്റ് സിനിമകളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടംപിടിച്ച തമിഴ്നടൻ മാരൻ കൊവിഡ് ബാധിച്ച് മരിച്ചു. 48 വയസായിരുന്നു. രണ്ടു ദിവസം മുമ്പാണ് രോഗബാധിതനായി ചെങ്കൽപ്പേട്ട് സർക്കാർ ആശുപത്രിയിൽ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ രാവിലെ അസുഖം മൂർച്ഛിച്ച് മരണം സംഭവിക്കുകയായിരുന്നു. വിജയ് ചിത്രം ഗില്ലിയിൽ അഭിനയിച്ചതിന് ശേഷമാണ് മാരൻ ജനശ്രദ്ധ നേടിത്തുടങ്ങിയത്. ബോസ് എൻഗിര ഭാസ്‌കരൻ, തലൈനഗരം, ഡിഷൂം, വേട്ടൈക്കാരൻ, കെ.ജി.എഫ് ചാപ്റ്റർ 1 തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.ഹാസ്യ താരമെന്നതിന് പുറമെ, വില്ലൻ വേഷങ്ങളിലും മികവുറ്റ പ്രകടനം കാഴ്ചവച്ചു. പാ രഞ്ജിത്തിന്റെ ‘സർപ്പാട്ട’യാണ് അവസാന ചിത്രം. നാടൻപാട്ട് കലാകാരൻ കൂടിയായിരുന്നു.