സ്വർണച്ചിരിയുടെ വലിയ തിരുമേനി

Thursday 13 May 2021 1:48 AM IST

ഒരു നൂറ്റാണ്ടിലധികം നീണ്ട ആത്മീയപ്രസാദമാണ് ക്രിസോസ്റ്റം തിരുമേനിയുടെ വിയോഗത്തോടെ നഷ്ടമാകുന്നത്. കേരളത്തിന്റെ ആത്മീയവും സാമൂഹികവുമായ മണ്ഡലങ്ങളിൽ നിറഞ്ഞുനിന്ന ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജീവിതവും വാക്കുകളും പേരുപോലെ കാഞ്ചനപ്രഭയുള്ളതായിരുന്നു. സ്വർണനാവുള്ളവൻ എന്നാണ് ക്രിസോസ്റ്റം എന്ന പേരിന്റെ അർത്ഥം.

'വീട്ടിൽ തേങ്ങയിടാൻ വന്ന ശങ്കു എന്നൊരാൾ കാരണമാണ് ഞാൻ തിരുമേനിയായത് '- എന്ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിനല്ലാതെ മറ്റാർക്കാണ് പറയാൻ കഴിയുക. ശങ്കു ഇട്ട തേങ്ങ വിറ്റാണ് ഞാൻ പഠിച്ചത്. അങ്ങനെ പഠിച്ചതുകൊണ്ട് അച്ചനായി. അച്ചനായതു കൊണ്ടാണ് ബിഷപ്പായത്. ബിഷപ്പ് ആയതുകൊണ്ടാണ് എന്നെ തിരുമേനി എന്നു വിളിക്കുന്നത്.- എന്നാണ് അതിന് നൽകിയ വിശദീകരണം.

കുറേനാൾ മുൻപ് മാദ്ധ്യമപ്രവർത്തകൻ പി.പി. ജെയിംസ് നടത്തിയ അഭിമുഖത്തിൽ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: ദൈവത്തിൽ നിന്നാണ് നമുക്ക് എല്ലാം കിട്ടുന്നത്. എന്റെ അമ്മ എനിക്ക് ഭക്ഷണം വിളമ്പിയപ്പോൾ മീനിന്റെ പരിഞ്ഞിൽ തന്നു. അപ്പോൾ എന്റെ ജ്യേഷ്ഠൻ അവിടെയുണ്ടായിരുന്നില്ല. അമ്മ പറഞ്ഞു- 'പരിഞ്ഞിൽ കുറച്ച് അവനുകൂടി വച്ചേക്കണം'. ഞാനത് മൊത്തം തിന്നു. ജ്യേഷ്ഠൻ വന്നപ്പോൾ പാത്രം മാത്രം. അമ്മയ്ക്കത് ഭയങ്കര സങ്കടമായി. അത് സഹോദരനോടുള്ള കരുതലില്ലായ്മയാണ്. അതുപോലെയാണ് ദൈവത്തിനും. അയൽവാസിയുടെ ആവശ്യം മനസിലാക്കാതെ നമ്മൾ പെരുമാറരുത്. അവനെക്കൂടി കരുതണം. അല്ലെങ്കിൽ ദൈവത്തിന് സങ്കടമാവും.

ഏത് കാര്യം പറയുമ്പോഴും അത് നർമ്മത്തിൽ ചാലിക്കാനുള്ള അപരിമേയമായ സിദ്ധി തിരുമേനിക്കുണ്ടായിരുന്നു. സന്ദർഭവും സമയവുമൊന്നും അതിനു തടസമായിരുന്നില്ല. ചിരിക്കാൻ തയ്യാറായി വേണം തിരുമേനിയുടെ മുമ്പിലിരിക്കാൻ. സ്വകാര്യ സംഭാഷണത്തിലായാലും പ്രഭാഷണ വേദിയിലായാലും അതുണ്ടാവും. കഥയും ഉപകഥയും കമന്റും ഒക്കെയായി ഒരു ചിരിമഴ പോലെ അത് പെയ്തുകൊണ്ടിരിക്കും. വേദപുസ്തകത്തിൽ ലോത്തിന്റെ ഭാര്യയുടെ പേര് പറഞ്ഞിട്ടില്ല. അത് മനസിലാക്കിയ ഒരു യുവാവ് ഒരിക്കൽ ക്രിസോസ്റ്റം തിരുമേനിയോട് ചോദിച്ചു: ലോത്തിന്റെ ഭാര്യയുടെ പേരെന്താണ്? ഇയാൾ വിവാഹം കഴിച്ചതാണോ?-തിരുമേനി ചോദിച്ചു. അല്ല എന്നായിരുന്നു മറുപടി. " വല്ലവന്റെയും ഭാര്യയുടെ പേര് തപ്പിനടക്കാതെ പോയി വിവാഹം കഴിക്കൂ"- എന്നായിരുന്നു തിരുമേനിയുടെ മറുപടി. പാലിൽ സ്ഥിരം വെള്ളം ചേ‌ർക്കുന്ന പാൽക്കാരന് ക്രിസോസ്റ്റം തിരുമേനി രണ്ട് കുപ്പി നൽകിയിട്ട് പറഞ്ഞു: പാൽ ഒരു കുപ്പിയിലും അതിലൊഴിക്കാനുള്ള വെള്ളം മറ്റേ കുപ്പിയിലും തരണം. ഞാൻ ഇവിടെവച്ച് മിക്സ് ചെയ്തുകൊള്ളാം.

ആത്മീയചിന്തകൾക്ക് ചിരിയുടെ മധുരം ചാലിച്ച് തലമുറകൾക്ക് പകർന്നു നൽകിയ കാരുണ്യത്തിന്റെ വലിയ ഇടയൻ ഓർമ്മയാകുമ്പോൾ അസ്തമിക്കുന്നത് മതാതീതമായ ദൈവിക വാത്സല്യത്തിന്റെ സാന്നിദ്ധ്യം കൂടിയാണ്. ദൈവം നമുക്കെല്ലാവർക്കും ഉള്ളതാണ്. അതിനു പള്ളിയെന്നോ മോസ്ക് എന്നോ അമ്പലമെന്നോ ഭേദമില്ലെന്ന ബോദ്ധ്യം ഓരോ ചലനത്തിലും കരുതിവച്ച ആത്മീയആചാര്യനാണ് ക്രിസോസ്റ്റം തിരുമേനി. 2007ൽ പാരിപ്പള്ളി കൊടിമൂട്ടിൽ ക്ഷേത്രത്തിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ചാണ് ആദ്യമായി തിരുമേനിയെ കാണാനുള്ള ഭാഗ്യമുണ്ടായത്. ക്ഷേത്രശ്രീകോവിലിനു മുന്നിൽ നിറഞ്ഞ ഭക്തിയോടെ തൊഴുതു നിൽക്കുന്ന തിരുമേനിയുടെ ചിത്രം ഒരിക്കലും മാഞ്ഞുപോകില്ല. അന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ച നോവലിസ്റ്റ് പെരുമ്പടവം ശ്രീധരൻ അടുത്തിരുന്ന എന്നോട് പറഞ്ഞു: "തിരുമേനിക്ക് ആ ദൈവമെന്നോ ഈ ദൈവമെന്നോ ഇല്ല. അതാണ് ക്രിസോസ്റ്റം തിരുമേനി ". ചിരിയുടെയും ആലോചനാഭരിതമായ ചിന്തകളുടെയും വലിയ ഇടയനൊപ്പം ക്ഷേത്രം ട്രസ്റ്റ് സെക്രട്ടറി എസ്. പ്രശോഭന്റെ വീട്ടിൽ ഭക്ഷണം കഴിക്കുമ്പോൾ വിളമ്പിത്തന്ന എന്റെ സഹോദരി സവിതാ റായിയോട് തിരുമേനി പറഞ്ഞു: "അച്ചായത്തിമാരാണ് ചിക്കൻകറി ഏറ്റവും നന്നായി വയ്ക്കുന്നത്. ഇത് അതിലും നന്നായിട്ടുണ്ട്. ഇരുമ്പൻ പുളിങ്കറി കൂടി വേണമായിരുന്നു" കിട്ടുന്ന ആഹാരമാണ് എനിക്കിഷ്ടം. കിട്ടാത്ത ആഹാരം ഇഷ്ടമല്ല . ആഹാരം ദൈവം തരുന്നതാണ്. കഴിക്കുന്നതിനു മുമ്പായി ദൈവത്തിനു നന്ദി പറയണം.-എന്ന് ക്രിസോസ്റ്റം തിരുമേനി പറയാറുണ്ടായിരുന്നു. വർഷങ്ങൾക്കു ശേഷം പത്തനംതിട്ടയിൽ കുറച്ചുനാൾ ജോലി ചെയ്യുന്നതിനിടെ പലതവണ തിരുമേനിയെ കാണാനുള്ള അവസരമുണ്ടായി. എന്തിലും നന്മയും സന്തോഷവും കണ്ടെത്താനുള്ള ദൈവികതയുണ്ടായിരുന്നു ക്രിസോസ്റ്റം തിരുമേനിക്ക്. പമ്പാനദിയിൽ നോക്കിയിരിക്കുന്നതായിരുന്നു തിരുമേനിക്ക് ഏറെ ഇഷ്ടം. കുട്ടികളെപ്പോലെയായിരുന്നു പമ്പയാറ്. ഓരോ സമയത്തും ഓരോ ഭാവമാണ്, ചിലപ്പോൾ ശാന്തമായൊഴുകും. ചിലപ്പോൾ വലിയ ബഹളമായിരിക്കും. ചിലപ്പോൾ കുട്ടികളെപ്പോലെ നിറുത്താതെ ചിലച്ചുകൊണ്ടിരിക്കും. പമ്പാനദിയുടെ കരയിലാണ് തിരുമേനിയുടെ അരമന. അദ്ദേഹത്തെ കാണാനായില്ലെങ്കിലും അതിനു മുന്നിലെ മുളങ്കൂട്ടത്തിനരികെ നിൽക്കുമ്പോൾ ആത്മീയതയുടെ ഇളംകാറ്റ് വന്നണയുന്ന കുളിർമ്മ അനുഭവപ്പെടുമായിരുന്നു.

ദൈവത്തെ കണ്ടിട്ടുണ്ടോ എന്ന് ചോദിച്ച കുട്ടികളോട് ഒരിക്കൽ ക്രിസോസ്റ്റം തിരുമേനി പറഞ്ഞു: "ഞാൻ ദൈവത്തെ കണ്ടിട്ടില്ല. പക്ഷേ, ദൈവം എന്നെ കണ്ടിട്ടുണ്ട്. എങ്ങനാ ദൈവം എന്നെ കണ്ടതെന്ന് അറിഞ്ഞുകൂടാ. ദൈവത്തിന്റെ അടുത്തേക്ക് ഞാൻ പോകുന്നുണ്ട്. പോയിട്ടു വരുമ്പോൾ പറയാം ദൈവം എങ്ങനാ എന്നെ കണ്ടതെന്ന്." അതു പറയാൻ ഇനി വലിയ തിരുമേനിയില്ല. ഏറ്റവും ഇഷ്ടമുള്ള മനുഷ്യപുത്രനായി നമ്മുടെ ക്രിസോസ്റ്റം തിരുമേനിയെ ചേർത്തു നിറുത്തിയിട്ടുണ്ടാവും ദൈവം.

Advertisement
Advertisement