ബംഗാളിൽ രണ്ട് ബിജെപി എംഎൽഎമാർ രാജിവച്ചു, നടപടി പാർട്ടി നിർദേശ പ്രകാരം

Thursday 13 May 2021 10:05 AM IST

കൊൽക്കത്ത: പശ്‌ചിമ ബംഗാളിൽ ബി ജെ പിയുടെ രണ്ട് എം എൽ എമാർ രാജിവച്ചു. ഇതോടെ നിയമസഭയിൽ ബി ജെ പിയുടെ അംഗബലം 75 ആയി കുറഞ്ഞു. ഡൽഹിയിൽ നിന്നുളള പാർട്ടിയിലെ ഉന്നതനേതാക്കളുടെ നിർദേശപ്രകാരമാണ് രാജി.

കൂച്ച്ബിഹാർ എം പി നിസിത് പ്രമാണിക്, റാണാഘട്ട് എം പി ജഗന്നത് സർക്കാർ എന്നിവരാണ് രാജിവച്ചത്. നിസിത് പ്രമാണിക്കിന്‍റെ ജയം ദിൻഹതയിൽ നിന്നും ജഗന്നത് സർക്കാരിന്‍റെ ജയം ശാന്തിപൂരിൽ നിന്നുമായിരുന്നു.

‘ബിജെപി അധികാരത്തിൽ എത്തിയിരുന്നെങ്കിൽ ഞങ്ങൾക്ക് നിരവധി കാര്യങ്ങൾ ചെയ്‌തുതീർക്കാനുണ്ടായിരുന്നു. എന്നാൽ അപ്രതീക്ഷിതമായ ഫലമാണ് ബംഗാളിലുണ്ടായത്. അതുകൊണ്ട് എം പിമാരായി തുടരുകയും എം എൽ എ സ്ഥാനം രാജിവയ്‌ക്കണമെന്നുമാണ് പാർട്ടി തീരുമാനം’ എന്ന് ജഗന്നത് സർക്കാർ പറഞ്ഞു.

രണ്ട് എം പിമാരെ നഷ്‌ടപ്പെടുന്നത് ബി ജെ പിക്ക് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് കേന്ദ്രനീക്കം. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിൽ മറ്റ് രണ്ട് എം പിമാർ കൂടി മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ, ലോക്കറ്റ് ചാറ്റർജി എന്നിവരാണ് പരാജയപ്പെട്ടത്. രാജ്യസഭാംഗമായിരുന്ന സ്വപൻദാസ് ഗുപ്‌തയും പരാജയപ്പെട്ടിരുന്നു.