പാലസ്തീന് മേൽ തീമഴ പെയ്ത് ഇസ്രയേലിന്റെ പ്രതികാരം, ഗാസയിൽ 600 സ്ഥലങ്ങളിൽ വ്യോമാക്രമണം നടത്തി, അടുത്ത നീക്കം നിർണായകം

Thursday 13 May 2021 4:00 PM IST

ടെൽ അവീവ്: പാലസ്തീൻ-ഇസ്രയേൽ സംഘർഷം നാലാം ദിവസവും അതിരൂക്ഷമായി തുടരുന്നു. ഇസ്രയേൽ പാലസ്തീന് മേൽ പോർവിമാനം ഉപയോഗിച്ച് വ്യോമാക്രമണങ്ങൾ നടത്തുകയാണ്. ഗാസയിൽ 600 സ്ഥലങ്ങളിൽ ആക്രമണം നടത്തിയതായി ലഫ്റ്റനന്റ് കേണൽ ജോനാഥൻ കോൺറിക്കസ് സ്ഥിരീകരിച്ചു.

പോർവിമാനങ്ങളും നിയന്ത്രിത ബോംബുകളും ഉപയോഗിച്ചായിരുന്നു ഇസ്രയേൽ സേന ആക്രമണം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. വലിയ കെട്ടിടങ്ങൾ വരെ ബോംബുകൾ വീണ് തകരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഹമാസ് പോരാളികളുടെ താവളങ്ങളാണ് തകർത്തതെന്നാണ് ഇസ്രയേൽ വാദിക്കുന്നത്. മരിച്ചവരിൽ ഭൂരിഭാഗവും സാധാരണക്കാരാണെന്നാണ് മറുഭാഗം പറയുന്നത്. ഇസ്രയേൽ പ്രതിരോധ സേനാ മേധാവിയുടെ മാർഗനിർദേശപ്രകാരം കാലാൾപ്പടയുമായി ഗ്രൗണ്ട് ഓപ്പറേഷനും തയാറെടുക്കുകയാണെന്ന റിപ്പോ‌ർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. അതേസമയം ഹമാസിന്റെ ഭാഗത്തു നിന്നു ഇതിനോടകം 1,600 ലധികം മിസൈലുകൾ ഇസ്രയേലിനു നേരെ പ്രയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്