ഗാസ മുനമ്പ് കടന്ന് ഇസ്രയേൽ സൈന്യം, ​കരയാക്രമണത്തിന് തുടക്കമിട്ടതായി പ്രഖ്യാപനം

Friday 14 May 2021 9:03 AM IST

ടെൽ അവീവ്: ഗാസ ആക്രമണത്തിന് കരസേന തുടക്കമിട്ടതായി ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിന്‍റെ പ്രഖ്യാപനം. ഹമാസിനെതിരെ ആക്രമണം ശക്തമാക്കുന്നതിന്‍റെ സൂചനകളാണ് ഇസ്രയേൽ നൽകുന്നത്. കൂടുതൽ സൈന്യത്തെ ​ഗാസ അതിർത്തിയിൽ വിന്യസിച്ചു.

വ്യോമാക്രമണത്തിന്‍റെ കാഠിന്യം ഇസ്രയേൽ വർദ്ധിപ്പിച്ചിട്ടുണ്ട്. സം​ഘർഷങ്ങളിൽ മരണം നൂറ് കടന്നു. ലെബനൻ അതിർത്തിയിൽ നിന്ന് മെഡിറ്ററേനിയനിലേക്ക് റോക്കറ്റ് ആക്രമണമുണ്ടായി. ​ഗാസ മുനമ്പ് ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഗാസയിലെ 14 നില പാര്‍പ്പിട സമുച്ചയം ഇസ്രയേല്‍ ആക്രമണത്തില്‍ പൂര്‍ണമായും തകര്‍ന്നതിനുപിന്നാലെ 130 റോക്കറ്റുകള്‍ ഇസ്രയലിലേക്ക് തൊടുത്താണ് ഹമാസ് തിരിച്ചടിച്ചത്. ടെല്‍ അവീവ് വരെ കടന്നുചെന്ന് വ്യോമാക്രമണം നടത്തുമെന്നും ഹമാസ് മുന്നറിയിപ്പ് നല്‍കി. ഗാസയ്ക്കുപുറമെ സൗത്ത് ലെബനനില്‍ നിന്നും ഇസ്രയേല്‍ ലക്ഷ്യമാക്കി മൂന്ന് റോക്കറ്റുകളെത്തി.

ലെബനനിലെ ഹമാസ് പക്ഷക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. തങ്ങളുടെ സംഘം ​ഗാസ മുനമ്പിൽ കടന്നതായി ഇസ്രയേൽ അവകാശപ്പെട്ടു. അതേസമയം, അറബ്-ജൂത വംശജർ ഇടകലർന്ന് കഴിയുന്ന ഇടങ്ങളിൽ ജനങ്ങൾ പരസ്‌പരം ഏറ്റുമുട്ടുകയാണെന്നും റിപ്പോർട്ടുകളുണ്ട്. ഈജിപ്‌ത്, ഖത്തർ, യു എൻ എന്നീ രാജ്യങ്ങൾ നടത്തുന്ന സമാധാന ശ്രമങ്ങൾക്ക് ഇതുവരെ സംഘർഷങ്ങളിൽ അയവ് കൊണ്ടുവരാൻ സാധിച്ചിട്ടില്ല.

Advertisement
Advertisement