കൊവാക്‌സിൻ ഫോർമുല മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറും, ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനുകൾക്കും അനുമതി നൽകി കേന്ദ്രം

Friday 14 May 2021 9:46 AM IST

ന്യൂഡൽഹി: കൊവാ‌ക്‌സിൻ ഫോർമുല മറ്റ് സ്ഥാപനങ്ങൾക്ക് കൈമാറാൻ ഒരുങ്ങി കേന്ദ്രസർക്കാർ. വാക്‌സിൻ നിർമ്മിക്കാൻ തയ്യാറുള്ള ആർക്കും കൊവാക്‌സിൻ ഫോർമുല നൽകാമെന്നാണ് കേന്ദ്രസർക്കാർ നിലപാട്. കൂടാതെ ലോകാരോഗ്യ സംഘടന അംഗീകരിച്ച എല്ലാ വാക്‌സിനുകൾക്കും രാജ്യത്ത് അനുമതി നൽകാനും ധാരണയായിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് വാക്‌സിൻ ക്ഷാമം രൂക്ഷമായ സാഹചര്യത്തിലാണ് കേന്ദ്രം വാക്‌സിൻ നയം കൂടുതൽ വിശാലമാക്കാൻ ഒരുങ്ങുന്നത്. റഷ്യയുടെ സ്‌പുട്‌നിക് വാക്‌സിൻ അടുത്തയാഴ്‌ച മുതൽ പൊതുവിപണിയിൽ ലഭ്യമാക്കും. കൊവിഡ് വന്നു പോയവർക്ക് ആറുമാസത്തിനു ശേഷം വാക്‌സിൻ സ്വീകരിച്ചാൽ മതിയെന്നും ഉന്നതതല സമിതി കേന്ദ്രത്തിന് ശുപാർശ ചെയ്‌തിട്ടുണ്ട്. കൊവിഷീൽഡ് ഡോസുകൾ സ്വീകരിക്കുന്നതിലെ ഇടവേള കൂട്ടാനും നിർദേശമുണ്ട്.

കൊവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിലെ ഇടവേള 12 മുതൽ 16 ആഴ്‌ചവരെ നീട്ടണമെന്ന ശുപാർശ കേന്ദ്രം അംഗീകരിച്ചിട്ടുണ്ട്. കൊവിഡ് ബാധിച്ചവർക്ക് വാക്‌സിൻ ഡോസ് എടുക്കുന്നത് ആറ് മാസത്തിന് ശേഷം മതിയെന്നും ശുപാർശയിലുണ്ട്. നിലവിൽ കൊവിഷീൽഡ് വാക്‌സിൻ സ്വീകരിക്കുന്നതിനുള്ള ഇടവേള നാല് മുതൽ എട്ടാഴ്‌ച വരെയാണ്.

Advertisement
Advertisement